ഇറ്റലിയിലെ റോമിൽ സെപ്തംബർ 10, 11 തിയതികളിൽ നടക്കുന്ന 13-മത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ sustainable ഡെവലപ്പ്മെന്റ് ലാണ് സുസ്ഥിര തൃത്താല പദ്ധതി അവതരണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ്, ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദ്ദീന്‍ ഐ.എ.എസിനുമാണ് സുസ്ഥിര തൃത്താല വിശദീകരിക്കാനായി റോമിലേക്ക് ക്ഷണം ലഭിച്ചത്.
ഗ്രാമീണ ഇന്ത്യയിലെ സംയോജിതവും പങ്കാളിത്ത സ്വഭാവമുള്ളതുമായ ഒരു സുസ്ഥിര വികസന മാതൃക എന്ന നിലയിലാണ് ലോക കോൺഫ്രൻസിലേക്ക് സുസ്ഥിര തൃത്താല തെരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക സുസ്ഥിരത, സാമൂഹിക-സാംസ്‌കാരിക സുസ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, ഊർജ്ജ സുരക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അതതു മേഖലകളിലെ ആഗോളതലത്തിലെ വിദഗ്ദ്ധരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺഫ്രൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. അതോടൊപ്പം പ്രായോഗിക പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചു കൊണ്ട് സുസ്ഥിര വികസന അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള വേദിയാണിത്.
യൂറോപ്യൻ സെന്റർ ഫോർ സസ്റ്റൈനബിലിറ്റിയും കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്നാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ ഉൾപ്പെടെ വിവിധ സർവകലാശാലകളും ഇതിൽ പങ്കാളികളാണ്. 2022ലാണ്
സുസ്ഥിര തൃത്താല പദ്ധതിയുടെ പത്തിന കര്‍മ്മ പരിപാടിക്ക് രൂപം നൽകിയത്.തൃത്താല മണ്ഡലത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും, പ്രദേശത്തെ തരിശു രഹിതവും മാലിന്യ മുക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പത്തിന കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചത്.
എല്ലാ വാര്‍ഡിലും പ്രത്യേക ഗ്രാമസഭകള്‍ ചേരുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുക, കൃത്രിമ ഭൂജല പോഷണവും കിണര്‍ റീചാര്‍ജ്ജിങ്ങും നടത്തുക, ജനകീയ മഴക്കൊയ്ത്ത്, ഒരുലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍, പഞ്ചായത്തില്‍ ഒരു മാതൃക ചെറു നീര്‍ത്തടം, പഞ്ചായത്തില്‍ ഒരു ജൈവ വാര്‍ഡ്, പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സംരക്ഷണം, മാലിന്യമുക്ത തൃത്താല, ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നിങ്ങനെയാണ് പത്തിന കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.