ആറങ്ങോട്ടുകരയിൽ വയലി മഴോത്സവം വിളംബരത്തിന്റെ ഭാഗമായി കലാപരിപാടികൾ അരങ്ങേറി.

 

പ്രശസ്‌ത ഖവാലി, ഹിന്ദുസ്ഥാനി ഗായിക നിസി അസീസി ഉദ്‌ഘാടനം ചെയ്തു. വയലി മുള സംഗീത ഗ്രൂപ്പിലെ അംഗങ്ങളും നിസി അസീസിയും ചേർന്ന് മഴ പ്രമേയമായ പാട്ടുകളുടെ അവതരണവും നടന്നു. തിരുമിറ്റക്കോട് ടീം നൂപുര ചിട്ടപ്പെടുത്തിയ സംഘ നൃത്തവും കാണികളെ ആകർഷിച്ചു. 'വിമ'യുടെ ഭാഗമായ പ്രാദേശിക ഗായകരുടെ മഴക്കവിതകളും, പാട്ടുകളും പരിപാടിക്ക് മിഴിവേകി. ആഗസ്റ്റ് 9, 10 ദിവസങ്ങളിൽ നിളയോരത്ത്‌ മഴോത്സവം സീസൺ 9ന് സമാപനം കുറിക്കും. 

അതിന്റെ മുന്നോടിയായി ജൂലൈ 13ന് മഴയും സിനിമയും, ജൂലൈ 27ന് മഴയും മലയാള സാഹിത്യവും പ്രമേയമായ പരിപാടികൾ മഴോത്സവം വിളംബരങ്ങളുടെ ഭാഗമായി ആറങ്ങോട്ടുകര വയലരങ്ങിൽ അരങ്ങേറും. ജൂലൈ 19, 20 ദിവസങ്ങളിൽ കൊല്ലങ്കോട്ടേക്ക് മഴയാത്രയും മഴോത്സവം 2025 ന്റെ ഭാഗമായി സംഘടിപ്പിക്കും. കാലവർഷം ചിട്ടപ്പെടുത്തിയ മലയാളിയുടെ ജീവിത ക്രമങ്ങളെ ഇന്നിന്റെ നേർക്കാഴ്ചകളുമായി ചേർത്തുവയ്ക്കുന്നതിനാണ് 2017 മുതൽ വയലി ഭാരതപ്പുഴയുടെ തീരങ്ങളിൽ മഴോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. വിനോദ് വയലി, സുധീപ് കടുകശ്ശേരി, വിശ്വനാഥ്, കുട്ടൻ ആറങ്ങോട്, മനോ വയലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം