യു.എ.ഇ യിൽ ചില ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) ഇക്കാര്യം ഇന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ യു എ ഇയിലെ താമസക്കാർ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിൽ നിന്നുള്ള ആളുകൾ അവരുടെ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക് ആവശ്യമില്ല. കൂടാതെ, ബീച്ചുകൾ, നീന്തൽ കുളങ്ങൾ സന്ദർശിക്കുന്നവർ , അടച്ചിട്ട ഇടങ്ങളിൽ തനിയെ ഇരിക്കുന്ന ആളുകൾ ,സലൂണുകൾ ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിലും മുഖത്തും തലയിലും പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ, ചികിത്സാ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയിൽ രോഗനിർണയം നടത്തുമ്പോഴും ചികിത്സ സ്വീകരിക്കുമ്പോഴുമെല്ലാം മാസ്കിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
എന്നാൽ ജനങ്ങൾ രണ്ട് മീറ്റർ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ ഗാണ്യമായി കുറഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം.
