ഏഷ്യൻ ഗെയിംസിന്‍റെ 13-ാം ദിനത്തിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. ബോക്‌സിംഗിലും ആർച്ചറിയിലും ഗുസ്തിയിലും അടക്കം അഞ്ച് സ്വര്‍ണം നേടിയ ഇന്ത്യ ആകെ സ്വര്‍ണനേട്ടം പതിനാറാക്കി.മെഡല്‍ പട്ടികയില്‍ നിലവിൽ അഞ്ചാം സ്ഥാനത്തെത്തി. വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി സ്വന്തമാക്കി.
നേരത്തെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം ബാവോ സിയെയെ (5-0) തകർത്ത് ലവ്‌ലിനബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണ്ണം നേടിയിരുന്നു. ഇതിന് പിന്നാലെ പുരുഷന്മാരുടെ 80 കിലോ ഗ്രാം വിഭാഗത്തിൽ അങ്കുഷ് പങ്കൽ സ്വർണം നേടി. പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ സുജീത് കൽക്കൽ സ്വര്‍ണം നേടി. തജക്കിസ്ഥാന്‍ താരത്തെ 10-9ന് തോല്‍പ്പിച്ചാണ് സുജീത്തിന്‍റെ സ്വര്‍ണനേട്ടം.
വനിതകളുടെ റിക്കർവ് ആർച്ചറി ടീം ഇനത്തിൽ അങ്കിത ഭഗത്, കീർത്തി, കുംകും മൊഹോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്ത് ചരിത്രത്തിലാദ്യമായി സ്വർണം കരസ്ഥമാക്കി. അതേസമയം, പുരുഷ റിക്കർവ് ടീമും റിക്കർവ് മിക്സ്ഡ് ടീമും വെള്ളി മെഡലുകൾ നേടി. സെയിലിങിൽ വനിതകളുടെ ഡിങ്കി വിഭാഗത്തിൽ നേത്ര കുമനൻ വെങ്കല മെഡൽ കൂടി സ്വന്തമാക്കി. സെപക് താക്രോയിൽ ചരിത്ര മെഡൽ. പുരുഷന്മാരുടെ ക്വാഡ്രന്റ് ടീം വെങ്കലം നേടി.
