ദുബായിൽ മേഴത്തൂർ കൂട്ടായ്മയുടെ ‘നല്ലോണം സീസൺ 5’ സംഘടിപ്പിച്ചു


ദുബായ്: മേഴത്തൂർ സ്വദേശികളുടെ സൗഹൃദവും സാംസ്കാരിക പൈതൃകവും ആഘോഷമാക്കി മേഴത്തൂർ കൂട്ടായ്മയുടെ ‘നല്ലോണം സീസൺ 5’ ദുബായിൽ സംഘടിപ്പിച്ചു. ഒക്ടോബർ 4ന് ഹോർ അൽ അൻസിലെ സ്പോർട്സ് ബേയിൽ നടന്ന പരിപാടിയിൽ നൂറിലധികം മേഴത്തൂർ സ്വദേശികളും കുടുംബാംഗങ്ങളും പങ്കെടുത്തു. മേഴത്തൂർ കൂട്ടായ്മ പ്രസിഡന്റ് പ്രവീൺ ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ റേഡിയോ അവതാരക ആർ.ജെ. സാറ മുഖ്യാതിഥിയായി. സെക്രട്ടറി ഷഹീർ സ്വാഗതം പറഞ്ഞു.

ഓണസദ്യ, വിവിധ കലാപരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിനോദപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ പ്രധാന ആകർഷണമായ എച്ച്.എസ്. ബാൻഡിന്റെ മെഗാ മ്യൂസിക്കൽ ഷോ സദസ്സിന്റെ വലിയ കൈയടി നേടി. പ്രവാസജീവിതത്തിലും ഓണത്തിന്റെ പാരമ്പര്യവും നാടിന്റെ ഓർമകളും നിലനിർത്തുന്നതിനൊപ്പം മേഴത്തൂർ സ്വദേശികൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ പിന്തുണ നൽകിയ സ്പോൺസർമാരെ സംഘാടകർ അഭിനന്ദിച്ചു. ഭീമ ജ്വല്ലറി, വെയിൽസ് ഷിപ്പിംഗ്, ടോപ്കോ ഫർണിച്ചർ, ബാബ് അൽ ബഹർ റെസ്റ്റോറന്റ്, എ.പി. എനർജി, ആര്യ ഓട്ടോ, മെഹ്സിൻ ഹോളിഡേയ്സ്, അൽ ഹിന്റ്സ് ജനറൽ ട്രേഡിംഗ്, മാക്സെക്സ് ബിൽഡിംഗ് മെറ്റീരിയൽ, സറീന ലേഡീസ് സലൂൺ എന്നിവരാണ് സ്പോൺസർമാരായത്.

സാഹചര്യങ്ങൾ മാറിയാലും മേഴത്തൂർ സ്വദേശികളുടെ സൗഹൃദവും ഒരുമയും നിലനിൽക്കണമെന്ന സന്ദേശമാണ് ‘നല്ലോണം സീസൺ 5’ മുന്നോട്ടുവെച്ചത്. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വളണ്ടിയർമാർക്കും സ്പോൺസർമാർക്കും അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേഴത്തൂർ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ഗിരീഷ് നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം