കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക' ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി തിരുവങ്ങൂര്‍ - പൂക്കാട് ഭാഗത്ത് വച്ചായിരുന്നു സംഭവം.
ബസിന്റെ ഡ്രൈവര്‍ എടപ്പാളില്‍ നിര്‍ബന്ധിത റോഡ് സുരക്ഷ പരിശീലനം പൂര്‍ത്തിയാക്കണമെന്നും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബസ് സ്റ്റോപ്പിൽ ഇറക്കാതെ ഉയരപ്പാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട 'കൃതിക' ബസിന് നടപടി നേരിടേണ്ടി വന്നിരുന്നു. കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ആറുവരി പാതയില്‍ ഏകദേശം അഞ്ച് കിലോമീറ്ററോളം തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പയ്യോളിയില്‍ ഇറങ്ങേണ്ട യാത്രക്കാരിയെ സര്‍വീസ് റോഡിലെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ ഉയരപ്പാതയില്‍ ഇറക്കിവിട്ടാണ് കൃതിക ബസ് ആദ്യം വിവാദത്തിലായത്. ആറുവരി പാതയില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാരിയെ നാട്ടുകാര്‍ കോണി ഉപയോഗിച്ച് പിന്നീട് താഴെയിറക്കുകയാണ് ഉണ്ടായത്. ഓഗസ്റ്റ് 24നായിരുന്നു സംഭവം. സര്‍വീസ് റോഡിലൂടെ പോകുന്നതിന് പകരം ഉയരപ്പാതയിലൂടെ സഞ്ചരിച്ച സ്വകാര്യബസ് യുവതിയെ രാത്രിയില്‍ തെരുവുവിളക്ക് പോലുമില്ലാത്ത ഇടത്ത് ഇറക്കിവിടുകയായിരുന്നു.
