വൃക്ഷായുർവേദ ഗവേഷണത്തിന്റെ ഭാഗമായി ഞാറുനടീൽ മഹോത്സവം


വാവന്നൂർ: പരമ്പരാഗത കാർഷികജ്ഞാനവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് സുസ്ഥിര നെൽകൃഷിക്കായുള്ള മാതൃക വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂരും കേരള ജൈവ സംരക്ഷണ സമിതിയും സംയുക്തമായി ഞാറുനടീൽ മഹോത്സവം സംഘടിപ്പിച്ചു. വൃക്ഷായുർവേദ കോഴ്സിന്റെ ഭാഗമായി ആരംഭിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. RARS പട്ടാമ്പിയുടെയും KVK പാലക്കാടിന്റെയും പിന്തുണയും മാർഗനിർദേശവും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

ഒരേ നെൽ ഇനത്തിൽ കൺട്രോൾ, നിലവിലുള്ള കാർഷിക പാക്കേജ് ഓഫ് പ്രാക്ടീസസ് (POP), വൃക്ഷായുർവേദ അധിഷ്ഠിത കൃഷിരീതി, വൃക്ഷായുർവേദവും POP-യും സംയോജിപ്പിച്ച ഇന്റഗ്രേറ്റഡ് കൃഷിരീതി എന്നിങ്ങനെ നാല് രീതികളാണ് ഗവേഷണത്തിന്റെ ഭാഗമായി താരതമ്യം ചെയ്യുന്നത്. വിത്ത് മുതൽ വിളവെടുപ്പ് വരെ മണ്ണിന്റെ ആരോഗ്യം, സസ്യവളർച്ച, കീട-രോഗ നിയന്ത്രണം, വിളവ്, ഗുണനിലവാരം, കൃഷിച്ചെലവ് തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തും.

അഷ്ടാംഗ എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി. ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാം സുന്ദർ, കേരള ജൈവ സംരക്ഷണ സമിതി പ്രസിഡന്റ് എ. നാരായണൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പരമ്പരാഗത വൃക്ഷായുർവേദ അറിവിനെ ആധുനിക കാർഷികശാസ്ത്രവുമായി കൂട്ടിയിണക്കി ഭാവിയിലേക്കുള്ള സുസ്ഥിര നെൽകൃഷി മാതൃക വികസിപ്പിക്കുകയാണ് ഗവേഷണ സംരംഭത്തിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം