നാഗലശ്ശേരി കമ്പനിപ്പടിയിലെ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്

മേഴത്തൂർ മോസ്കോ റോഡ് കമ്പനിപ്പടിയിലെ ക്വാറിയിൽ നിന്നുള്ള സുരക്ഷാ ഭീഷണി നേരിടുന്ന നാഗലശ്ശേരി പഞ്ചായത്തിലെ ഗ്രീൻവില്ല നിവാസികൾ ഒത്തുകൂടി. വർഷങ്ങളായി തുടരുന്ന സ്ഫോടനവും ഖനനവും മൂലം വീടുകളുടെ വാർപ്പിനും ചുമരുകൾക്കും വിള്ളൽ സംഭവിച്ചതായും ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നും നാട്ടുകാർ പറഞ്ഞു. പുലർച്ചെ നാല് മണി മുതൽ അർധരാത്രി വരെയുള്ള ഖനനം മൂലം രോഗികൾക്കും കുട്ടികൾക്കും ഉറങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് അവർ ആരോപിച്ചു.

പരിസരത്തെ കിണറുകൾ ഇടിഞ്ഞുതാഴുന്നതും ഭൂഗർഭജലം വറ്റുന്നതും ടോറസ് ലോറികളുടെ മരണപ്പാച്ചിൽ മൂലം റോഡുകൾ തകരുന്നതുമടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭത്തിനിറങ്ങാൻ യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും അമിതഭാരവും പാസില്ലാതെയും എത്തുന്ന ടോറസ് ലോറികൾ തടയാനും തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി കർമ്മ സമിതിയും രൂപീകരിച്ചു.

സലീം മേലേതിൽ ചെയർമാനായും പി. രാജൻ, എം. മുജീബ് എന്നിവർ വൈസ് ചെയർമാൻമാരായും വി.ബി. ബിജോയ് കൺവീനറായും പി. ഷാജു ബഷീർ, പി.വി. സൽമാൻ എന്നിവർ ജോയിന്റ് കൺവീനർമാരായും കെ.വി. ഉമ്മർ ട്രഷററായും ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം