ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ്: പാക്കറ്റ് ഭക്ഷണങ്ങൾക്ക് 'റെഡ് വാണിങ്' നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ

ഡൽഹി: ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്ക് 'റെഡ് വാണിങ്' അടയാളം നിർബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായി പാക്കറ്റിന്റെ മുൻവശത്ത് തന്നെ ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗൺ ആകൃതിയിലുള്ള മുന്നറിയിപ്പ് എംബ്ലം നൽകണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദേശം.

ഐസിഎംആർ-എൻഐഎൻ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയർന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടെങ്കിൽ ‘റെഡ് വാണിങ്’ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഫ്എസ്എസ്എഐ അറിയിച്ചു.

ഈ നിർദേശത്തിന്‍റെ പ്രാധാന്യം വെറുമൊരു പുതിയ ലേബലിലോ അതിന്റെ നിറത്തിലോ മാത്രം ഒതുങ്ങുന്നതല്ല. സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടർന്ന് നിയമങ്ങളിൽ വന്ന വലിയൊരു മാറ്റത്തിലാണ്. ഇത്രയും കാലം പാക്കറ്റുകളുടെ മുൻവശത്ത് ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ കാണിക്കണം എന്നതിനെപ്പറ്റിയായിരുന്നു ചർച്ചകൾ. ഇതിനായി സ്റ്റാർ-റേറ്റിംഗ് പോലുള്ള രീതികളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ആലോചിച്ചിരുന്നത്. അനാരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുന്ന രീതിയിലേക്ക് തന്നെ കാര്യങ്ങൾ മാറുന്നു എന്നാണ് എഫ്എസ്എസ്എഐ നൽകിയ വിശദീകരണം വ്യക്തമാക്കുന്നത്.

ഭക്ഷ്യ വ്യവസായ രംഗത്തെ പ്രമുഖരും FSSAI ഉദ്യോഗസ്ഥരും തമ്മിൽ മാർച്ച് 19-ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള റോയിട്ടേഴ്സിന്‍റെ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് റെഗുലേറ്ററുടെ പുതിയ നിര്‍ദേശം. വ്യക്തമായ സൂചന നൽകുന്ന ലേബലുകൾ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അത് ഇന്ത്യക്കാരുടെ ഭക്ഷണരീതിക്ക് അനുയോജ്യമല്ലെന്നുമായിരുന്നു പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ അന്ന് പറഞ്ഞത്.

കൂടാതെ, ഒരേ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും വിൽക്കുമ്പോൾ ചേരുവകളിൽ വരുത്തുന്ന വലിയ വ്യത്യാസങ്ങളും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഉദാഹരണത്തിന്, ലണ്ടനിൽ വിൽക്കുന്ന ഒരു ഫന്റാ (Fanta) കാനിൽ 63 കലോറി മാത്രമുള്ളപ്പോൾ, ഇന്ത്യയിൽ വിൽക്കുന്ന ഫന്റായിൽ ഇതിന്റെ മൂന്നിരട്ടിയോളം പഞ്ചസാരയും കൃത്രിമ നിറങ്ങളുമാണ് ചേർക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം