കേരളം 2 ദിവസം ചുട്ടുപൊള്ളും, ഇന്നും നാളെയും 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ 3 to 4˚C കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് 35.6 C. കണ്ണൂരിൽ താപനില 35. 2 ഡിഗ്രി സെൽഷ്യസിൽ ഉയർന്നു. കോട്ടയത്ത് താപനില 35 ഡിഗ്രി സെൽഷ്യസിൽ ഉയർന്നു. പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. 

സൂര്യാതപവും നിർജലീകരണവും ഒഴിവാക്കാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരളത്തിൽ കാലാവർഷ മഴയിൽ 26% കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. 

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു. കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് താപനില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം