ലാറക് ദ്വീപിലെ യുഎസ് വ്യോമാക്രമണം; ​ഗൾഫിൽ തിരിച്ചടിച്ച് ഇറാൻ, ഡ്രോണുകളെ തകർത്ത് യുഎഇ

ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി യുഎഇയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. എന്നാൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ നീക്കം യുഎഇ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഇറാനിയൻ ഡ്രോണുകളെ വ്യോമസേന കടലിൽ വെച്ചുതന്നെ വെടിവച്ചിടുകയായിരുന്നു. നിലവിൽ രാജ്യത്തെ വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഏതൊരു സുരക്ഷാ ഭീഷണിയെയും ചെറുക്കാൻ സേന പൂർണ്ണ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബായ് അൽമിൻഹാദിലെ പ്രധാന വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദങ്ങൾ യുഎഇ തള്ളി. താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ മേഖലയിൽ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുക്കുകയാണ്. ഇറാന്റെ അധീനതയിലുള്ള ലാറക് ദ്വീപിലെ രണ്ട് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാത ലക്ഷ്യമാക്കി സീ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു യുഎസിന്റെ ഈ നീക്കം. ആക്രമണത്തിൽ ഇറാന്റെ സൈനികർ കൊല്ലപ്പെട്ടതായും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ഇറാന്റെ തിരിച്ചടികളുടെ പരമ്പര തന്നെയാണ് ഉണ്ടായത്. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ നിരവധി സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമേയാണ് യുഎഇയിലെ ദുബായ് അൽമിൻഹാദിലുള്ള വ്യോമതാവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടത്. ഈ വാദം യുഎഇ പ്രതിരോധ മന്ത്രാലയം പൂർണ്ണമായി തള്ളുകയായിരുന്നു.

ഇതിനിടെ സമുദ്രപാതയിലെ സുരക്ഷയെയും എണ്ണ വ്യാപാരത്തെയും ബാധിക്കുന്ന ഗുരുതരമായ സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ തെക്കുഭാഗത്ത് മൈൻ സ്ഫോടനത്തെ തുടർന്ന് ഒരു കൂറ്റൻ എണ്ണക്കപ്പലിന് (സൂപ്പർ ടാങ്കർ) തീപിടിച്ചു. തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ സമുദ്രപാത കടക്കാൻ ശ്രമിച്ചതിനാലാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും വിലക്ക് ലംഘിക്കുന്ന മറ്റ് കപ്പലുകൾക്കും ഇതേ ഗതിയായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാന്റെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രമായ ഖർഗ് ദ്വീപ് അമേരിക്ക തകർത്തെന്ന വാദങ്ങൾ ഇറാൻ നിഷേധിച്ചു. ഖർഗിലെ എണ്ണ ഉത്പാദനം പൂർണ്ണതോതിൽ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അവിടെ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇറാൻ ദേശീയ ഓയിൽ കമ്പനി വക്താക്കൾ അറിയിച്ചു. അമേരിക്കൻ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ ഇറാൻ, മേഖലയിലെ തങ്ങളുടെ സാന്നിധ്യവും നിലപാടുകളും കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് നൽകുന്നത്.

1 അഭിപ്രായങ്ങള്‍

  1. തകർന്നടിഞ്ഞ ഇറാനെ ആദ്യം അവർ നേരെയാക്കി എടുക്കട്ടെ, എന്നിട്ടാകാം ശക്തമായ നിലപാട് എടുക്കാൻ!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം