ചാലിശ്ശേരി ഗവ. സ്കൂളിലെ ഹൈടെക് ബസ് സ്റ്റോപ്പ് തകർച്ചയിൽ തുടരുന്നു

സംസ്ഥാനത്തെ ആദ്യകാല ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലൊന്നെന്ന വിശേഷണത്തോടെ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമിച്ച ഹൈടെക് ബസ് സ്റ്റോപ്പ് വർഷങ്ങളായി തകർന്ന നിലയിൽ. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പൊതുസംവിധാനം അധികൃതരുടെ അവഗണനയിൽ നശിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. 

2015–16 സാമ്പത്തിക വർഷത്തിൽ അന്നത്തെ എം.എൽ.എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ‘സ്മൈൽ തൃത്താല’ പദ്ധതിയുടെ ഭാഗമായാണ് ബസ് സ്റ്റോപ്പ് നിർമിച്ചത്. റേഡിയോ, വൈഫൈ, എഫ്.എം., സോളാർ ലൈറ്റുകൾ, പുസ്തകശാല തുടങ്ങിയ സൗകര്യങ്ങളോടെയായിരുന്നു നിർമാണം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷത്തിനകം പല സംവിധാനങ്ങളും തകരാറിലായി. 2019 ജൂൺ 20ന് നെയിംബോർഡും തകർന്നു.

നിലവിൽ ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ, മേൽക്കൂര, സീലിങ് എന്നിവയും കേടായ നിലയിലാണ്. പരിസരം കാടുകയറിയതോടെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ബസ് കാത്തുനിൽക്കാൻ പോലും പ്രയാസമാണ്. മഴക്കാലത്ത് സമീപത്തെ കടത്തിണ്ണകളെയാണ് പലരും ആശ്രയിക്കുന്നത്. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽ.പി., യു.പി. വിഭാഗങ്ങളിലായി ഏകദേശം 3,000 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നവരാണ്.

തകർന്ന ബസ് സ്റ്റോപ്പ് അടുത്ത രണ്ടുമാസത്തിനകം പുനർനിർമിക്കുമെന്നും 2025–26 വാർഷിക പദ്ധതിയിൽ ഇതിനായി തുക അനുവദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി പറഞ്ഞു. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് പുനർനിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം