
പരുതൂർ കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിന് 2018-19 വർഷത്തിൽ വി. ടി. ബൽറാം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ₹1.08 കോടി ചെലവിൽ നിർമ്മിക്കുന്ന ലാബ് കോംപ്ലക്സിന്റെ പുരോഗതി വിലയിരുത്താൻ എംഎൽഎ സ്കൂൾ സന്ദർശിച്ചു. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല.
സ്കൂളിന് പ്ലസ് ടു കോഴ്സ് ലഭിക്കുന്നതിനനുസരിച്ചുള്ള സൗകര്യങ്ങളോടെയാണ് പുതിയ ലാബ് കോംപ്ലക്സ് നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം സ്കൂളിന് കൈമാറണമെന്ന് എംഎൽഎ നിർദേശിച്ചു.
ഐടി ലാബും സയൻസ് ലാബും ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കാൻ ആവശ്യമായ ഫണ്ടും അനുവദിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി. പ്രധാനധ്യാപിക ഗീത തങ്കം, ഹാബിറ്റാറ്റ് സെക്രട്ടറി പി. വിനോദ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.പി. അഷറഫ്, പഞ്ചായത്തംഗം പി.ടി. ഷംസുദീൻ, എസ്.ടി. നിസാർ, എൻ.എം. വാസുദേവൻ നമ്പൂതിരി, കബീർ എന്നിവർ പങ്കെടുത്തു.