
സമരക്കാർക്കെതിരായ എഫ്.ഐ.ആറുകളും നടപടികളും ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തി. പ്രതിഷേധക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് തന്നെ എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി.
സമരക്കാർക്കെതിരായ എഫ്.ഐ.ആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമാണെന്ന് സിജെപി വിമർശിച്ചു. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടിയെന്നും, ഇടക്കാല ഉത്തരവിനെ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ എതിർക്കാത്തത് പ്രതിഷേധാർഹമാണെന്നും പാർട്ടി ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ ആയുധമാക്കുകയാണെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ സുപ്രീം കോടതിയെ അറിയിച്ച് സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.