നാലശ്ശേരി ഏഴാം വാർഡ് ക്വാറിയിലെ മണ്ണ് കൂമ്പാരം; ജില്ലാ കളക്ടർക്ക് നിവേദനം നൽകി ഗ്രാമപഞ്ചായത്ത്


നാഗലശ്ശേരി പഞ്ചായത്തിലെ വാർഡ് 7-ലെ ചേമ്പ്രയിൽ പ്രവർത്തിക്കുന്ന ഓറിയന്റൽ റോക്ക്സ് ലിമിറ്റഡ് ക്വാറി കോമ്പൗണ്ടിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണസമിതി പാലക്കാട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മഴക്കാലത്തിന് മുമ്പ് മണ്ണ് നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് രേഖാമൂലം നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് മണ്ണ് ഒലിച്ചിറങ്ങി സ്വകാര്യ സ്ഥലങ്ങളിലേക്കും പൊതുവഴിയിലേക്കും എത്തുന്നതായും ഇതുമൂലം സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടും അപകടസാധ്യതയും നേരിടേണ്ടി വരുന്നതായും നിവേദനത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതായി പഞ്ചായത്ത് ചൂണ്ടിക്കാട്ടി.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജൂലൈ 9-ന് പഞ്ചായത്ത് അടിയന്തര ബോർഡ് യോഗം ചേർന്ന് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ തേടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ജില്ലാ കളക്ടറെ സന്ദർശിച്ച് നിവേദനം കൈമാറി.

വാർഡ് മെമ്പർ വിപിതയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖയും സംഘത്തിലുണ്ടായിരുന്നു. നേരത്തെ ക്വാറിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും അതിനെതിരെ ക്വാറി അധികൃതർ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം