'64 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ കയറുന്നത് 140 പേര്‍, ജോലിഭാരവും ജോലിസമയവും വര്‍ധിച്ചു'; KSRTC ജീവനക്കാർ

കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കടുത്ത ആശങ്കയെന്ന് സിഐടിയു. ജോലിഭാരവും ജോലി സമയവും വര്‍ധിച്ചതാണ് ജീവനക്കാരുടെ ആശങ്കയ്ക്ക് കാരണമെന്ന് കെഎസ്ആര്‍ടിഇഎ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ റണ്ണിങ് ടൈം 15 മുതല്‍ അരമണിക്കൂര്‍ വരെ വര്‍ധിച്ചതായി ജീവനക്കാര്‍ പറയുന്നു. ഒരു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഏതാണ്ട് ഒന്നര ദിവസത്തെ ഡ്യൂട്ടിയാണ് ഇപ്പോള്‍ ഇവര്‍ക്ക് വരുന്നത്.

തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ തുടങ്ങണമെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചതോടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. 64 പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള ബസില്‍ സഞ്ചരിക്കുന്നത് 140ലേറെ യാത്രക്കാരാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പത്തും പതിനഞ്ചും വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളിലാണ് യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. ഓവര്‍ലോഡ് ആണെങ്കില്‍ പോലും സ്റ്റോപ്പില്‍ നിറുത്തിയില്ലെങ്കില്‍ യാത്രക്കാര്‍ പ്രശ്നമുണ്ടാക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

തിരക്കിനിടയില്‍ ടിക്കറ്റ് നല്‍കാന്‍ വിട്ടുപോയാല്‍ കണ്ടക്ടര്‍ പിഴ നല്‍കേണ്ടി വരുന്നതും വലിയ പ്രതിസന്ധിയാണ് ജീവനക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. അമിതഭാരം കാരണം ബസ് അപകടത്തില്‍പ്പെട്ടാലും പഴി ജീവനക്കാര്‍ക്കാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. പഴയ ബസുകളില്‍ മാന്യുവല്‍ ഡോര്‍ ആയതിനാല്‍ ഡോറുകള്‍ തുറന്ന് പോകാന്‍ സാധ്യതയുണ്ടെന്നത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും ജീവനക്കാരുടെ ആശങ്കയേറ്റുന്നു. ചുരം കയറുന്ന ബസുകള്‍ അവിടെ ബ്ലോക്കില്‍പ്പെട്ടു കഴിഞ്ഞാല്‍ അമിത ഭാരം കാരണം ബ്രേക്ക് ലൈനര്‍ ചൂട് പിടിച്ച് അപകടത്തില്‍പ്പെട്ടേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സിഎംഡിക്ക് ഔദ്യോഗികമായി കത്ത് നല്‍കുമെന്നാണ് സിഐടിയു അറിയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം