
ചാലിശ്ശേരി: കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ജൂൺ 3 മുതൽ 10 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായ അജയൻ ചാലിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ. ഷാജി തോമസ് പരിസ്ഥിതി ദിന ബ്രോഷർ കൈമാറി. ഏരിയ സെക്രട്ടറി ടി.എ. അഷറഫ് വൃക്ഷത്തൈ വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് പി.വി. രജീഷ് കുമാർ, എസ്.എം.സി ചെയർമാൻ റഫീഖ് അവുങ്ങാട്ടിൽ, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ കെ. തസ്‌നി, അധ്യാപകരായ സി. ഹംസ, പി. വിജയൻ, സി.വി. വിദ്യാവതി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് വൃക്ഷത്തൈകളും മെഡലുകളും നൽകി ആദരിക്കുകയും ചെയ്തു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ചടങ്ങിൽ അജയൻ ചാലിശ്ശേരി നിമിഷ ചിത്രരചനയിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം അവതരിപ്പിച്ച് സദസ്സിന്റെ അഭിനന്ദനം നേടി. തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട അദ്ദേഹം, കുട്ടികളും മുതിർന്നവരും കൂടുതൽ വൃക്ഷത്തൈകൾ നട്ട് പ്രകൃതിയെ പച്ചപ്പിന്റെ പറുദീസയാക്കി മാറ്റാൻ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.