സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രത്തിലെ വിവരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ കടബാധ്യതയെന്ന് ധനകാര്യസ്ഥിതി റിപ്പോർട്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. സംസ്ഥാന വരുമാനത്തിൻ്റെ 77 ശതമാനം പെൻഷനും ശമ്പളത്തിനും വേണ്ടി ചെലവഴിക്കേണ്ടി വരുന്നുണ്ട്.

റവന്യൂ വരുമാനത്തിൻ്റെ 20.9 ശതമാനം ചെലവഴിക്കുന്നത് പലിശ വീട്ടാൻ മാത്രമാണ്. 1.3 ശതമാനം മൂലധന ചെലവിനായി മാറ്റിവയ്ക്കുന്നതെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധവും ധവളപത്രം ശരിവയ്ക്കുന്നുണ്ട്. കിഫ്‌ബിക്കെതിരെ രൂക്ഷ വിമർശനമാണ് ധവളപത്രത്തിലുള്ളത്. കിഫ്ബി പ്രവർത്തിച്ചത് ഇരട്ട സർക്കാർ പോലെയാണെന്നാണ് ആക്ഷേപം.

കിഫ്ബി സിഇഒയ്ക്ക് എക്സ് ഓഫീഷ്യോ പദവി നൽകിയത് ചട്ട വിരുദ്ധമാണ്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥന് അമിത അധികാരം നൽകി. കിഫ്ബി മസാല ബോണ്ട് ഇറക്കാനായി 11 കോടി ചെലവാക്കിയത് അമിതമാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ ബാധ്യത 78,851 കോടിയാണെന്ന് ധവളപത്രത്തിൽ പറയുന്നു. കെഎസ്ആർടിസിയും ജല അതോറിറ്റിയുമാണ് നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ. കെഎസ്ഇബിയും നഷ്ടത്തിൽ തന്നെയാണ്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത 21,000 കോടി രൂപയാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിയുടെ കടം സംസ്ഥാനത്തിൻ്റെ പൊതുക്കടമായി സിഎജി (C&AG) കണക്കാക്കിയത് കേരളത്തിൻ്റെ വായ്പാ പരിധിയെ ദോഷകരമായി ബാധിച്ചു. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ കണ്ണൂർ (20% തുക), തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ മൂന്ന് ജില്ലകൾ മാത്രം ആകെ ഫണ്ടിൻ്റെ പകുതിയോളം കൈപ്പറ്റിയതായും ധവളപത്രം.

കിഫ്ബിയെ പരിഷ്കരിക്കാൻ മാർഗനിർദേശങ്ങൾ:

കിഫ്ബിയുടെ വായ്പാ പരിധി നിയന്ത്രിക്കും.

കിഫ്ബിയുടെ നേരിട്ടുള്ള കടമെടുപ്പ് അവസാനിപ്പിക്കും.

കിഫ്ബിക്കുള്ള ധനസഹായം ധനവകുപ്പ് നൽകും.

വിവിധ മേഖലകളിൽ കിഫ്ബി നൽകുന്ന സേവനങ്ങൾ സർക്കാർ വകുപ്പുകളിൽ ലയിപ്പിക്കും.

മസാല ബോണ്ട് ഉൾപ്പെടെയുള്ള കിഫ്ബിയുടെ ഇടപാടുകളിൽ ഓഡിറ്റ് നടത്തും.

ധവളപത്രത്തിലെ ശുപാർശകൾ:

ബെവ്കോയെയും സപ്ലൈകോയെയും ലയിപ്പിച്ച് ഒരൊറ്റ കോർപ്പറേഷൻ ആക്കണമെന്നാണ് പ്രധാന ശുപാർശ.

ഊർജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കണം.

പൊതുമേഖലാ സ്ഥാപനങ്ങളിൽ പരിഷ്കരണം.

കെഎസ്ഇബി പോലുള്ള പ്രധാന സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം.

സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം.

പൊതുസേവനങ്ങൾക്ക് പൂർണ സബ്സിഡി.

വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുക.

സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വൈദ്യുതി വിതരണ-സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.

നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന.

തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണം.

ഓഹരി വിറ്റഴിക്കൽ, അല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നിവ പരിഗണിക്കണം.

ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണം.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ ഉറപ്പാക്കണം.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പെൻഷൻ പ്രായം വർധിപ്പിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം