ഹ്യൂസ്റ്റണിൽ കാനറികളുടെ സാംബനൃത്തം; കണ്ണീരണിഞ്ഞ് ജപ്പാൻ


ഹ്യൂസ്റ്റൺ: ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീലിൻ്റെ ജയം. പ്രീക്വാർട്ടറിൽ ഐവറി കോസ്റ്റ്, നോർവെ മത്സരവിജയികളെ ബ്രസീൽ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ വന്ന ജപ്പാൻ ബ്രസീലിനെ വിറപ്പിച്ചെങ്കിലും സാംബ വീര്യത്തിന് മുന്നിൽ ഒടുവിൽ ഏഷ്യൻ കരുത്തർ കീഴടങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ജപ്പാന്‍ പ്രതിരോധം മറികടക്കാനായില്ല. മൂന്ന് ഷോട്ടുകൾ ജപ്പാൻ ഗോൾ മുഖത്തേക്ക് കാനറികൾ തൊടുത്തെങ്കിലും ജപ്പാൻ കാവൽ ഭടൻ സിയോൺ സുസുക്കി പാറപോലെ ഉറച്ചു നിന്നു.

മത്സരത്തിൻ്റെ 29 മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത് ജപ്പാൻ ബ്രസീലിനെ വിറപ്പിച്ചു. മധ്യനിരയില്‍ നിന്ന് പന്തുമായി കയ്ഷു സാനോ കുതിച്ചു. കസെമിറോയെ കാഴ്ച്ചകാരാനാക്കി സാനോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് അലിസൺ ബെക്കറെ കടന്ന് ഗോളായി.സാനോയുടെ ഷോട്ടിൽ ആടിയുലഞ്ഞ ബ്രസീലായിരുന്നില്ല രണ്ടാം പകുതിയിൽ. ഓരോ മിനിറ്റിലും ജപ്പാൻ ഗോൾ മുഖത്തേക്ക് കാനറികൾ ഇരമ്പിയെത്തി. 53ആം മിനിറ്റിൽ ബ്രസീലിൻ്റെ ഗോളെന്ന ഉറച്ച ഷോട്ട് സുസുക്കിയും പ്രതിരോധവും ചേർന്ന് നിർവീര്യമാക്കി.

തൊട്ടുപിന്നാലെ ഗബ്രിയേൽ മഗാലസിൻ്റെ ക്രോസിന് തലവച്ച് സുസുക്കിയെ മറികടന്ന് കസെമിറോ. പിന്നെ ആക്രമണ പ്രത്യാക്രമണ പരമ്പര. ഇരുവശത്തേക്കും പന്തുകൾ ഇരമ്പിയെത്തി. മത്സരം അധിക സമയത്തേക്കെന്ന് തോന്നിച്ച നിമിഷത്തിൽ ബ്രസീലിന് രക്ഷകനായി ഗബ്രിയേൽ മാർട്ടിനെല്ലി അവതരിച്ചു. പിന്നാലെ കാനറികളുടെ സാംബനൃത്തമാടി. ജപ്പാന് കണ്ണീരണിഞ്ഞ് മടങ്ങേണ്ടി വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം