സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ഇന്നും സ്വർണവില താഴേക്ക് പോകുകയായിരുന്നു. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ വിലക്കുറവ്.
22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്റെ വില്‍പ്പന വില 1,05,840 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 24 കാരറ്റ് സ്വർണം ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433 രൂപയിലെത്തിയപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അവിടെ നിന്നാണ് തുടർച്ചയായ ഇടിവുകളിലൂടെ സ്വർണവില ഇപ്പോൾ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിനിൽക്കുന്നത്. അതേസമയം ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ ജൂവലറികളിൽ എത്തുമ്പോൾ ഈ അടിസ്ഥാന വിലയേക്കാൾ കൂടുതൽ തുക നൽകേണ്ടി വരും. ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വിലയായ 1,05,840 രൂപയ്ക്ക് പുറമെ, ഏകദേശം 5,292 (5%) രൂപയോളം പണിക്കൂലിയായും അതിനുശേഷം 3,556 രൂപയോളം 3% ജിഎസ്ടിയായും ഈടാക്കുന്നതാണ്.
ആഗോള വിപണിയിൽ ഇന്ന് സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും സ്വർണവില കുത്തനെ കുറയാൻ ഇടയാക്കിയത്. യു.എസ് ഡോളർ സൂചിക (DXY) ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 101-ന് മുകളിലേക്ക് ഉയർന്നതാണ് സ്വർണത്തിന് വലിയ തിരിച്ചടിയായത്. ഡോളർ ശക്തമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അതിന്റെ ചിലവ് വർദ്ധിക്കുകയും ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (US Fed) വരും മാസങ്ങളിൽ പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന ശക്തമായ സൂചനകൾ നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ പലിശനിരക്കുകൾ ഉയരുമ്പോൾ, യാതൊരുവിധ നിശ്ചിത വരുമാനവും (Yield) നൽകാത്ത സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളോടുള്ള താല്പര്യം നിക്ഷേപകർക്ക് കുറയുകയും അവർ ബോണ്ടുകളിലേക്ക് തിരിയുകയും ചെയ്യും.
യു.എസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായതോടെ ആഗോള വിപണിയിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് നേരിയ ശമനമുണ്ടായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് എത്തിയിരുന്ന നിക്ഷേപം കുറഞ്ഞതും സ്വർണവില കുറയാന്‍ കാരണമായി. ഈ സാഹചര്യങ്ങള്‍ എല്ലാം കൊണ്ടും തന്നെ രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് (Spot Gold) വില ഏകദേശം 1.6 ശതമാനത്തോളം ഇടിഞ്ഞ് ട്രോയ് ഔൺസിന് 4,070 - 4,120 ഡോളർ നിലവാരത്തിലേക്ക് താഴേക്ക് പോയി. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് വിലയായ 5,600 ഡോളറിനേക്കാൾ വലിയൊരു ഇടിവാണ് ഇപ്പോൾ ആഗോള സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
