പട്ടാമ്പി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു

കാലവർഷം എത്തുന്നതിന് മുന്നോടിയായി പട്ടാമ്പി നഗരസഭാ പരിധിയിൽ പകർച്ച വ്യാധി പ്രതിരോധവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. നഗരസഭ അധ്യക്ഷൻ ടി.പി ഷാജി ആരോഗ്യവിഭാഗം ജീവനക്കാർക്ക് നൽകിയ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് നഗരസഭയിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.  നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുമായി പ്രധാന തോടുകളും ഓടകളും വൃത്തിയാക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

 മഴവെള്ളം പ്രധാനമായും ഒഴുകിപ്പോകുന്ന മുച്ചിരിത്തോട്, കണ്ടൻതോട് എന്നിവിടങ്ങളിലെ തടസ്സങ്ങൾ നീക്കുകയും വിവിധ ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഡ്രെയിനേജ് സംവിധാനം നവീകരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് നടക്കുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുന്നത് തടയാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴക്കാലത്ത് പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്. 

ആരോഗ്യ വിഭാഗം ജീവനക്കാർക്കും താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകുകയും മഴക്കാലത്തിന് മുന്നോടിയായി വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കി നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം വിപുലപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനമെന്നും നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം