മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് ഭിന്നിപ്പുണ്ടാക്കാനല്ല; മുഖ്യമന്ത്രിയുടെ പരാമർശത്തെ തള്ളി വഖഫ് ബോർഡ് ചെയർമാൻ

കോഴിക്കോട്: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തെ തള്ളി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് ഭിന്നതയുണ്ടാക്കാനല്ലെന്ന് കെ.എസ്. ഹംസ ന്യൂസ് മലയാളത്തോട് പറ‍ഞ്ഞു. മുനമ്പത്തിന്റെ പേരിൽ രണ്ടു മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്ന പരാമർശം മുഖ്യമന്ത്രി പറയാൻ പാടില്ലായിരുന്നു. മുനമ്പം ഭൂമി വഖഫാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ പറഞ്ഞു.

മെയ് 17നകം ഉമീദ് പോർട്ടലിൽ വഖഫ് ഭൂമി രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. അതനുസരിച്ച് അവസാന മണിക്കൂറിലാണ് രജിസ്റ്റർ ചെയ്തത്. ധൃതി പിടിച്ചല്ല ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. പിന്നീടാണ് ഒരു മാസം കൂടി രജിസ്ട്രേഷൻ കാലാവധി നീട്ടിയത്. സർക്കാരിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും വഖഫ് ബോർഡ് ചെയർമാൻ പറ‍ഞ്ഞു.

കഴിഞ്ഞ സർക്കാർ പോകുന്ന പോക്കിൽ പണി തന്നാണ് പോയതെന്നും രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നതെന്നുമായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. വഖഫ് ഭൂമി എന്ന് രജിസ്റ്റർ ചെയ്താൽ പിന്നെ അവിടെയുള്ള താമസക്കാർ കയ്യേറ്റക്കാരായി. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ലെന്നും നിയമപരമായി നീങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വിഷയത്തിൽ സംഘ്പരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം