പെരുമണ്ണൂരിൽ ഫുട്ബോൾ ആവേശത്തിന് പരിസമാപ്തി; ജിസിസി ചാലിശേരി ജേതാക്കളായി


ചാലിശ്ശേരി : പെരുമണ്ണൂർ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പതിമൂന്നാമത് അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ജി.സി.സി ചാലിശേരി ജേതാക്കളായി. ഞായറാഴ്ച വൈകിട്ട് നടന്ന ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൂര്യ ഉദിനിപ്പറബിനെ ജി.സി.സി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ജി.സി.സി ചാലിശേരി രണ്ട് ഗോളുകൾ നേടി മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. മധ്യനിരയിലെ കൃത്യമായ പാസുകളും മുന്നേറ്റനിരയുടെ വേഗതയും ടീമിന് കരുത്തായി. രണ്ട് ഗോളിന് പിന്നിലായ സൂര്യ ഉദിനിപ്പറബ് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചു.

 തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശകരമായി. സമനിലയ്ക്കായി ശക്തമായി ശ്രമിച്ചെങ്കിലും ജി.സി.സിയുടെ പ്രതിരോധനിരയും ഗോൾകീപ്പറുടെയും മികവും ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിജയികളായ ജി.സി.സി ചാലിശേരിക്ക് പെരുമ്പിലാവ് വിദ്യ റസിഡൻസി സ്പോൺസർ ചെയ്ത 20,000 രൂപയുടെ പ്രൈസ് മണിയും പെരുമണ്ണൂർ പ്രവാസി കൂട്ടായ്മയുടെ ശിവൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും വിദ്യ മണി സമ്മാനിച്ചു. റണ്ണേഴ്സ് ആയ സൂര്യ ഉദിനിപ്പറബിന് ചാലിശ്ശേരി സലിം സോമിൽ നൽകുന്ന 10,000 രൂപയുടെ പ്രൈസ് മണിയും ബാലേട്ടൻ പെരുമണ്ണൂർ റണ്ണേഴ്സ് ട്രോഫിയും പഞ്ചായത്തംഗം കെ.ആർ ബാലൻ നൽകി.

 ടൂർണമെന്റിൽ ജി.സി.സിയുടെ ശ്രീരാഗ് അമ്പാടി ബെസ്റ്റ് പ്ലെയറായും, ശേഖർ മികച്ച ഫോർവേഡായും, ചാച്ചു എമർജിംഗ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പർ, സ്റ്റോപ്പർ ബാക്ക് വിഭാഗങ്ങളിലായി ഉദിനിപ്പറബ് ടീമിലെ ഋതു, ജുനയ് എന്നിവർ പുരസ്കാരം നേടി. വിശിഷ്ടാതിഥികളായ വിദ്യ മണി, ലത്തീഫ് ഗുരിക്കൾ, പഞ്ചായത്തംഗം കെ.ആർ ബാലൻ എന്നിവരെ ക്ലബ് ഭാരവാഹികൾ ആദരിച്ചു. ചാലിശ്ശേരി എസ്.ഐ അരവിന്ദാക്ഷൻ, പോലീസ് ഓഫീസർ അബ്ദുൽ കരീം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം