ആനക്കര ഗ്രാമപ്പഞ്ചായത്തിൽ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും പ്രവർത്തനം ആരംഭിക്കാതെ കിടക്കുമ്പോൾ, കേന്ദ്രത്തിന്റെ പരിസരം മാലിന്യക്കൂമ്പാരമായി മാറിയതിൽ പ്രതിഷേധം ശക്തമാകുന്നു.
പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യച്ചാക്കുകളാണ് നിലവിൽ കെട്ടിടത്തിന് സമീപം കൂട്ടിയിടുന്നത്. ദിവസേന മാലിന്യത്തിന്റെ അളവ് വർധിച്ചതോടെ പ്രദേശത്ത് ദുർഗന്ധവും വെള്ളക്കെട്ടും രൂക്ഷമായതായി സമീപ വ്യാപാരികൾ ആരോപിക്കുന്നു. മഴക്കാലത്ത് സ്ഥിതി കൂടുതൽ ദയനീയമാകുന്നതായും ഇവർ പറയുന്നു.
പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെത്തുന്ന ജീവനക്കാരും പൊതുജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ശുചിത്വം ലക്ഷ്യമിട്ട് ഒരുക്കിയ പദ്ധതി തന്നെ മാലിന്യപ്രശ്നത്തിന്റെ കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാരുടെ വിമർശനം.
അതേസമയം, മാലിന്യം ശേഖരിക്കുന്ന എം.സി.എഫ്. കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാലാണ് താത്കാലികമായി ഇവിടെ മാലിന്യം സൂക്ഷിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മാലിന്യം ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബിക അറിയിച്ചു.
‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രത്തിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കുന്നതും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. 13-ന് നടക്കുന്ന പഞ്ചായത്ത് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.
