ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച വാഹനത്തിൽ നിന്ന് തെറിച്ചുവീണു വാഹനം കയറി ആറു വയസ്സുകാരൻ മരണപ്പെട്ടു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആലിക്കരയിൽ ഉണ്ടായ അപകടമാണ് നാട്ടുകാരെ ദുഖത്തിലാഴ്ത്തിയത്.
പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന കുട്ടി, യാത്രയ്ക്കിടെ വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീണു. റോഡിലേക്ക് വീണ ഉടനെ തന്നെ അതേ വാഹനത്തിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തു തുടർ നടപടികൾ ആരംഭിച്ചു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
