BJPയുടെ ഭൂരിപക്ഷം SIR ൽ നിന്ന് ഒഴിവാക്കിയ വോട്ടർമാരെക്കാൾ കുറവെന്ന് TMC; പുതിയ അപ്പീൽ നൽകണമെന്ന് സുപ്രീംകോടതി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ ഫലത്തെ വോട്ടർ പട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) ബാധിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയിൽ തൃണമൂൽ കോൺഗ്രസ്. എസ്ഐആറിൻ്റെ ഭാഗമായി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടിഎംസി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി ഇക്കാര്യം പറഞ്ഞത്.

എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട പെറ്റീഷനുകൾ പരിഗണിക്കുന്ന, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോടാണ് കല്യാൺ ബാനർജി ക്രമക്കേടുകൾ ചൂണ്ടികാണിച്ചത് . തുടർന്ന്, പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റുള്ളവർക്കും വിഷയത്തിൽ പുതുതായി അപേക്ഷകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 31 മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം, എസ്ഐആർ നടപടിയുടെ ഭാഗമായി ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവായിരുന്നെന്ന് കല്യാൺ ബാനർജി പറഞ്ഞു. ഒരു മണ്ഡലത്തിൽ ടിഎംസിയുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടത് 862 വോട്ടിനാണെന്ന് പറഞ്ഞ ബാനർജി, അവിടെ അയ്യായിരത്തിലേറെ ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നെന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

കൂടാതെ, പശ്ചിമബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസവും കല്യാൺ ബാനർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 32 ലക്ഷം വോട്ടുകളുടെ വ്യത്യാസമാണ് ബിജെപിയും ടിഎംസിയും തമ്മിൽ സംസ്ഥാനത്തുള്ളത്. അതേസമയം വോട്ടർപട്ടികയിൽനിന്ന് പേരുനീക്കം ചെയ്യപ്പെട്ടതിനെതിരേ സമർപ്പിക്കപ്പെട്ട അപ്പീലുകളുടെ എണ്ണം 35 ലക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം അപ്പീലുകളിൽ തീരുമാനം വരാൻ വർഷങ്ങൾ എടുത്തേക്കുമോ എന്ന് ഭീതിയുണ്ടെന്നും കല്യാൺ ബാനർജി പറഞ്ഞു. വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തവരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ പുതിയ അപേക്ഷ കോടതിക്ക് മുൻപാകെ സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞു. പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി എസ്ഐആർ നടപ്പാക്കിയതിനെ ചോദ്യം ചെയ്‌തുകൊണ്ട് മമതാ ബാനർജി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം