തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി.

സംഭവം ഹൃദയഭേദകമെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഹൃദയം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി എംപി പറഞ്ഞത്. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്വമേധയ ആണ് കേസെടുത്തത്. 306 (1)(c)(FA) എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അതേസമയം സംഭവ സ്ഥലത്തുനിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകടസ്ഥലത്തുനിന്ന് ശരീരഭാഗങ്ങള്‍ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. 13 പേര്‍ മെഡിക്കല്‍ കോളേജിലെ ബേണിങ് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഐസിയുവിലുള്ള 13 ല്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സ്‌ഫോടനം നടന്നത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ലൈസന്‍സിയായ സതീശിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. സ്‌ഫോടന വസ്തുക്കള്‍ വീണ്ടും പൊട്ടിത്തെറിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം