അതിവേഗ റെയില്‍പാത പദ്ധതി: ആളുകള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകില്ലെന്ന ഉറപ്പുനല്‍കി ഇ ശ്രീധരന്‍: പൊന്നാനിയില്‍ ഓഫിസ് തുറന്നു

അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗം റെയില്‍ പദ്ധതിയ്ക്കായി പൊന്നാനിയില്‍ ഓഫിസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ( e sreedharan starts news office in ponnani for high speed railway)

അതിവേഗ റെയില്‍പാത പദ്ധതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. സര്‍വെയ്ക്ക് റഡാര്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാനുവലായി സര്‍വെ നടത്തുമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍വെയ്ക്ക് മുന്‍പ് നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കണം. അവര്‍ക്ക് ഒരു തരത്തിലും ഉപദ്രവമുണ്ടാക്കില്ലെന്ന് ഉറപ്പിക്കണമെന്നാണ് താന്‍ സ്റ്റാഫിനോട് പറഞ്ഞിരിക്കുന്നത്. പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. വേഗത്തില്‍ കാര്യങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പൊന്നാനി ഓഫീസ്’ എന്ന പേരിലാണ് ഓഫിസ്. വീടിനോട് ചേര്‍ന്നാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓഫീസ് പ്രവര്‍ത്തനത്തിനായി റെയില്‍വേയില്‍ നിന്ന് വിരമിച്ച 12 ഓളം ജീവനക്കാരെ തിരഞ്ഞെടുത്തതായി അദേഹം അറിയിച്ചിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിദേശത്താണ്. അദേഹം മടങ്ങിയെത്തിയ ശേഷം ഡിപിആര്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കും. എന്നാല്‍ ഡിപിആര്‍ തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇ ശ്രീധരന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം