
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 16ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും. 16ന് തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് കുമരനല്ലൂരിൽ നിന്ന് ജാഥയെ സ്വീകരിച്ച് കൂറ്റനാട് ടൗണിലെ ആദ്യ സ്വീകരണ വേദിയിലേക്ക് ആനയിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്തുവർഷത്തെ ഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ കേരളത്തെ തകർത്തുവെന്നുംഅത് വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണി കാസർകോട് മുതൽ തിരുവനന്തപുരം വരെ 'പുതുയുഗ യാത്ര' സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ഈ സർക്കാറിനെ തുറന്നുകാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കടക്കെണിയിൽ നിന്ന് കേരളത്തെ രക്ഷിക്കുന്നത് ഉൾപ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ വരുത്തുന്ന മാറ്റങ്ങളും പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ ജനങ്ങളുമായി ചർച്ച ചെയ്യും. ശബരിമല ധർമശാസ്‌താവിന്റെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിൽപടിയും ദ്വാരപാലക ശിൽപങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളുമായി സംവദിക്കുമെന്ന്
സ്വാഗത സംഘം ഭാരവാഹികളായ സി.വി ബാലചന്ദ്രൻ, എസ്.എം.കെ തങ്ങൾ, പി.വി മുഹമ്മദാലി, ടി.കെ സുനിൽ കുമാർ എന്നിവർ പറഞ്ഞു.