
ചാലിശ്ശേരി: 2026 മാർച്ച് 1 (ഞായറാഴ്ച) നടക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂര മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെയും പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റിയംഗങ്ങളെയും പങ്കെടുപ്പിച്ച് സംയുക്ത മുന്നൊരുക്ക യോഗം സംഘടിപ്പിച്ചു.
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിന് സമീപമുള്ള രുഗ്മിണി ഓഡിറ്റോറിയംൽ നടന്ന യോഗം കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.കെ. മുരളിയുടെ അധ്യക്ഷതയിൽ ഷോർണൂർ പൊലീസ് ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എം. മഹേന്ദ്ര സിംഹൻ പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റിക്കാർക്കുള്ള നിർദേശങ്ങൾ വിശദീകരിച്ചു.
യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ക്ഷേത്രം ഊരാളൻ, പൊലീസ്–റവന്യൂ–ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.കെ. ശ്രീജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ.വി. പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.
എല്ലാ വർഷത്തെയും പോലെ പൂരത്തിന്റെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെയും വിവിധ വകുപ്പ് അധികാരികളുടെയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുമെന്നും, പൂരത്തിന് തലേന്ന് നടക്കുന്ന പൂര വാണിഭവും മാർച്ച് ഒന്നിന് നടക്കുന്ന ഉത്സവദിനാഘോഷവും ഭംഗിയായി നടത്തുമെന്നും യോഗത്തിൽ തീരുമാനമായി.