
തൃത്താല: പ്രസവത്തിനായി ചികിത്സയിൽ കഴിയുന്നതിനിടെ ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ തൃത്താല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മേഴത്തൂർ കുളങ്ങര വീട്ടിൽ നൗഷിജ (29) ആണ് മരിച്ചത്.
ഫെബ്രുവരി 16 മുതൽ പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷിജയെ ഫെബ്രുവരി 20-ന് രാവിലെ 10.30 ഓടെ ഡോക്ടർ പരിശോധനയ്ക്ക് വിളിച്ച സമയത്ത് കുഴഞ്ഞുവീണതായി ബന്ധുക്കൾ അറിയിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ നൗഷിജയുടെ സഹോദരൻ മുഹമ്മദ് നൗഫൽ കെ.വി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് സ്റ്റേഷൻ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS) 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.