'ഗുരുസ്മരണീയം 2026' എന്ന പേരിലാണ് മാർച്ച് ഒന്നിന് ആർട്ടിസ്റ്റ് ഗണപതി മാസ്റ്ററുടെ 87-ാം ജന്മവാർഷികവും പുസ്തക പ്രകാശനവും പുരസ്കാര സമർപ്പണവും ചിത്രകലാ ക്യാമ്പും പ്രദർശനവും സംഘടിപ്പിക്കുന്നതെന്ന് ഗണപതിമാസ്റ്റരുടെ ശിഷ്യ സംഘടനയായ ഗൺപത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങോട് ഗ്രാമത്തിൽ മാഷ് താമസിച്ചിരുന്ന വീട്ടിൽ ഞായർ രാവിലെ 9.30 മുതൽ 4 മണി വരെയാണ് അനുസ്മരണ പരിപാടികൾ നടത്തുന്നത്. ഗണപതി മാസ്റ്ററുടെ മൂത്ത മകൾ ഏർക്കര മന ലീലാ വാസുദേവൻ, മാഷുടെ ഛായാ ചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിയിക്കുന്നതോടെ പരിപാടികൾ തുടങ്ങും.
പി.എം നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ.ടി.വി നിഷ ഉദ്ഘാടനം നിർവഹിക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഈ വർഷത്തെ ഗുരുസ്മരണീയം പുരസ്കാര ജേതാവ് അഭിനവ് കെ അശോകിനെ (മണ്ണാർക്കാട്) പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് മാഷുടെ ശിഷ്യനായ ശില്പി ജനാർദ്ദനൻ രചിച്ച 'എൻ്റെ ഗുരുനാഥൻ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. പി.എം വാസുദേവൻ നമ്പൂതിരിപ്പാട് പുസ്തകം സ്വീകരിക്കും.
വാർഡ് മെമ്പർ നിഷ ദിലീപ്, വിപിന ചന്ദ്രൻ, രുഗ്മിണി ടീച്ചർ, ടി.രാജീവ്, തുളസീദാസ്, ശില്പി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കേരളത്തിലെ പ്രഗത്ഭരായ ചിത്രകാരന്മാരും മാഷുടെ ശിഷ്യന്മാരും കുട്ടികളും ചേർന്ന് 4 മണി വരെ ചിത്രകലാ ക്യാമ്പ് നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ശില്പി ജനാർദ്ദനൻ, ഗിരീശൻ ഭട്ടതിരിപ്പാട്, ഹരികൃഷ്ണൻ എന്നിവർ പറഞ്ഞു.
