പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ട്; അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് അദ്ദേഹം പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്‍കി.

ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേണമെന്നുള്ള ആവശ്യം. ശബരിമലക്കേസിന്റെ അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണം. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കേസിലെ സഹപ്രതികള്‍ മാത്രമാണ്. മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ലെന്നും കത്തില്‍ പറയുന്നു. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം