
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ (തിരുജനനത്തിന്റെ പ്രകാശം) ക്രിസ്മസ് കരോൾ റോഡ് ഷോ സംഘടിപ്പിച്ചു. ഗ്രാമത്തിന് വേറിട്ട ദൃശ്യ-ശ്രവ്യ ക്രിസ്മസ് വിരുന്നായി മാറിയ പരിപാടി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഞായറാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്നാരംഭിച്ച റോഡ് ഷോ വന്ദ്യ ജെക്കബ് ചാലിശ്ശേരി കോർ-എപ്പിസ്കോപ്പ ഫ്ളാഗ് ഓഫ് ചെയ്തു. മുന്നിൽ വഴി കാട്ടിയായി നക്ഷത്രം, കുതിരവണ്ടി ഓടിക്കുന്ന സാന്താക്ലോസ്, എൽ.ഇ.ഡി മുത്തുകുടകൾ, സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ മാലാഖ കൂട്ടം, ഫ്ളാഷ് മോബ്, ചുവപ്പും വെള്ളയും നിറത്തിലുള്ള ഹൈഡ്രജൻ ബലൂണുകൾ പിടിച്ച് ഡിജെ ലൈറ്റിന്റെ വെളിച്ചത്തിൽ പാപ്പന്മാർ തുടങ്ങിയവ റോഡ് ഷോയ്ക്ക് വർണാഭമായ ഭംഗി നൽകി.
പഴയകാല വേഷങ്ങൾ അണിഞ്ഞ വനിത സമാജം പ്രവർത്തകരുടെ മാർഗംകളി, അമ്പതോളം ക്രിസ്മസ് പാപ്പകൾ, പത്തടി ഉയരമുള്ള പൊയ്ക്കാൽ പാപ്പ, എൽ.ഇ.ഡി മാലാഖന്മാർ, വലിയ സാന്താക്ലോസ് ഡോളുകൾ, ബാൻഡ് സെറ്റ് എന്നിവയും റോഡ് ഷോയുടെ ആകർഷണങ്ങളായി. പതിനൊന്നോളം കുടുംബ യൂണിറ്റുകളിൽ നിന്നായി ക്രിസ്മസ് വസ്ത്രം അണിഞ്ഞ് നൂറുകണക്കിന് വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.
വൈകിട്ട് ഏഴിന് ആരംഭിച്ച കരോൾ അങ്ങാടി ചുറ്റി പള്ളിയിൽ സമാപിച്ചു. റോഡ് ഷോ കാണാൻ നിരവധി പേർ അങ്ങാടിയിലേക്ക് ഒഴുകിയെത്തി. പള്ളിയിലെത്തിയ ശേഷം ക്രിസ്മസ് സന്ദേശവും സമ്മാന വിതരണവും നടന്നു. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജു മൂങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, കൺവീനർ സി.വി. ഷാബു എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയും വിവിധ ഭക്തസംഘടന ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.