ആറങ്ങോട്ടുകര സെൻററിലെ റോഡ് നവീകരണം വേഗത്തിലാക്കണം: വ്യാപാരികളുടെ നിവേദനം


തൃത്താല: ചെറുതുരുത്തി–പൊന്നാനി സംസ്ഥാനപാത കടന്നുപോകുന്ന ആറങ്ങോട്ടുകര സെൻററിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ തൃത്താല പി.ഡബ്ല്യു.ഡി. അസിസ്റ്റൻറ് എൻജിനീയർക്ക് നിവേദനം നൽകി.

മൂന്ന് മാസത്തോളമായി നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൾവർട്ട് നിർമാണവും കാന നിർമാണവും പൂർത്തിയായിട്ടുണ്ടെങ്കിലും, വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങളിലെ കാനകളുടെ മുകളിൽ പല ഭാഗങ്ങളിലും സ്ലാബുകൾ പൂർണമായി സ്ഥാപിക്കാത്തതിനാൽ കാൽനട യാത്രക്കാർക്കും, വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്ന കുട്ടികൾ അടക്കമുള്ളവർക്കും ഗുരുതരമായ അപകടസാധ്യത നിലനിൽക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി.

കൂടാതെ, ഏകദേശം അര കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയുടെ ഭൂരിഭാഗവും മെറ്റൽ പൊന്തിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ട് നേരിടുന്നതായും ഇത് സ്ഥിരമായി ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും നിവേദനത്തിൽ വ്യക്തമാക്കുന്നു.

തൃശ്ശൂർ–പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശവും ദേശമംഗലം, വരവൂർ, തിരുമുറ്റക്കോട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രവുമായ ആറങ്ങോട്ടുകരയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന മുല്ലക്കൽ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 31 മുതൽ ജനുവരി 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കാനിരിക്കെ റോഡിൻറെ പുനർനിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നതായി നേതാക്കൾ അറിയിച്ചു.

പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂണിറ്റ് പ്രസിഡണ്ട് എ. കെ. അബൂബക്കർ, കോഡിനേറ്റർ അഷ്റഫ് ദേശമംഗലം, ജോയിൻറ് സെക്രട്ടറി പി. കെ. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം എം. മൊയ്തീൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം