എം വി ഫസൽ കുമരനെല്ലൂർ
(വിവിഎയുപി സ്‌കൂൾ കാരക്കുത്തങ്ങാടി)
9946410672 | fazlu10@gmail.com
അറബി ഭാഷയുടെ അസാധാരണ സവിശേഷതകളിലേക്കും അത് പ്രസരിപ്പിക്കുന്ന വൈജ്ഞാനിക, സാംസ്‌കാരിക പൈതൃകങ്ങളിലേക്കും ലോക ശ്രദ്ധയാകർഷിക്കാൻ ഡിസംബർ 18 ഒരിക്കൽ കൂടി സമാഗതമായിരിക്കുകയാണ്. 1973 ലാണ് അറബി ഭാഷയെ ഐക്യരാഷ്ട്ര സഭ മറ്റു ഔദ്യോഗിക ഭാഷകൾക്കൊപ്പം (ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, ഫ്രഞ്ച്) ചേർക്കുന്നത്. യുഎൻ ഔദ്യോഗിക ഭാഷകളിൽ മൂന്നാം സ്ഥാനത്തുള്ള അറബി ലോകത്ത് 25 രാജ്യങ്ങളുടെ ഭാഷകൂടിയാണ്. ലോകത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും, അറബി ഭാഷയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനും വേണ്ടി യുനെസ്‌കോ 2010 മുതലാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നത്.
അറബി ഭാഷയുടെ ഉൽഭവം
സാമൂഹ്യജീവിതത്തിലെ അതിപ്രധാനമായ ഒരു ഘടകമാണ് ഭാഷ. ജനങ്ങൾക്ക് അന്യോന്യം കൂടിക്കഴിയാനും ആശയവിനിമയം നടത്താനും പരസ്പരം മനസ്സിലാക്കാനും ഉപയോഗിക്കുന്ന ഒരു മധ്യവർത്തിയാണിത്. ഓരോഭാഷക്കും അതിന്റേതായ ഇടമുണ്ട്. പൗരാണിക ഭാഷകളിൽ പെട്ടതും ഇന്നും ലോകത്ത് വൻപ്രചാരത്തിലുള്ളതുമായ ഭാഷയാണ് അറബി. സെമിറ്റിക് ഭാഷ കുടുംബത്തിലെ മേന്മയേറിയ ഭാഷകളിൽ ഒന്നാണ്. ആശയ സമ്പുഷ്ടത കൊണ്ടും, അലങ്കാരം കൊണ്ടും ലോകത്ത് വ്യതിരിക്തമായി നിൽക്കുന്ന ഭാഷയാണത്.
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ഇസ്ലാമിക പ്രചാരണവുമായി മക്കയിൽ അവതരിക്കുന്നതിന്റെയും നൂറ്റാണ്ടുകൾക്ക് മുമ്പാണ് അറബി ഭാഷ ഉദയം കൊണ്ടത്. പ്രവാചകൻ നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയത്തിൽ രക്ഷപെട്ട നൂഹ് പ്രവാചകന്റെ പുത്രൻ സാം എന്നിവരുടെ പരമ്പരയിൽ സംസാരിച്ചിരുന്ന സെമിറ്റിക് ഭാഷയിലാണ് അറബിയുടെ വേരുകൾ ചെന്നെത്തുന്നത്. സെമിറ്റിക് ഭാഷയിൽ ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷകൾ കാണാമെങ്കിലും ഇവയൊന്നും കൈവരിക്കാത്ത അത്ഭുതകരമായ വളർച്ചയാണ് അറബി ഭാഷക്കുണ്ടായത്. സാഹിത്യ മേന്മകൊണ്ടും, സാംസ്‌കാരിക പശ്ചാത്തലത്തിലെ വ്യത്യസ്തമായ ഇടപെടൽ കൊണ്ടും അറബി ഭാഷ ഇതര ഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും വിനിമയ സാഹിത്യ രംഗങ്ങളില്‍ ക്ലാസിക്കല്‍ ഭാഷകളില്‍ അദ്വിതീയ സ്ഥാനം അറബി ഭാഷ അലങ്കരിക്കുന്നതിന്റെ പ്രധാന ഹേതു അതിന്റെ ഔന്നത്യവും മഹത്തായ പൈതൃകവുമാണ്.
യഅറ്ബ് ബ്നു ഖഹ്ത്വാൻ ആണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. പ്രവാചകൻ (സ)യുടെ നിയോഗത്തിന് മുമ്പ് തന്നെ വികാസം പ്രാപിച്ചിരുന്ന അറബി ജാഹിലിയ്യ കാലഘട്ടത്തിലാണ് പൂർണ യൗവനത്തിലെത്തിയത്. പദസമ്പത്തിലും അലങ്കാര ശാസ്ത്രത്തിലും കാവ്യമീമാംസയിലുമെല്ലാം പൂർണത കൈവരിച്ച അറബി ഗോത്ര വിഭഗങ്ങൾക്കിടയിൽ വലിയ ചലനം തന്നെയാണ് സൃഷ്ട്ടിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ പ്രചാരം നേടിയ മുഅല്ലഖകൾ അറബി സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇമ്രുൽ ഖൈസ്, ത്വറഫ, അംറുബ്‌നു കുൽസും, സുഹൈർ ബിനു അബീ സുൽമ, ലബീദ്, അൻതറ, ഹാരിസ് ബുനു ഹില്ലിസ, നാബിഗ, അൽഖമ, അഹ്ശാ എന്നിവരാണ് പ്രശസ്തരായ മുഅല്ലഖ രചയിതാക്കൾ.
തുടർന്ന് വന്ന ഓരോ കാലഘട്ടങ്ങളും അറബി ഭാഷക്കും, സാഹിത്യത്തിനും അതിന്റേതായ മഹത്വവും പവിത്രതയും നൽകിയിട്ടുണ്ട്. ഉമവിയ കാലഘട്ടത്തിൽ അറബി ഭാഷയുടെ സ്വാധീനം വിസ്തൃതമാക്കുന്നതിൽ ആ കാലഘട്ടത്തിലെ ഭരണാധികാരികളും, സാഹിത്യ കുലപതികളും ഒരു പാട് സംഭാവനകൾ ലോകത്തിന് സമർപ്പിച്ചിട്ടുണ്ട്. ത്രിമൂർത്തികളായ അഖ്ത്വൽ, ജരീർ, ഫറസ്ദഖ് തുടങ്ങിയവർ അറബി സാഹിത്യത്തിനും കാവ്യലോകത്തിനും ശ്രദ്ധേയമായ കൃതികളാണ് സമർപ്പിച്ചിട്ടുള്ളത്.
അബ്ബാസിയ കാലഘട്ടം
അറബി സാഹിത്യത്തിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന അബ്ബാസിയ കാലഘട്ടത്തിൽ ഒരു പാട് ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അറബി സാഹിത്യ മേഖലയിൽ പ്രഫുല്ലമായ കാലഘട്ടമായിരുന്നു അബ്ബാസിയ. ഖലീഫ ഹാറൂൺ റഷീദ് അസ്ഥിവാരമിട്ട ബൈത്തുൽ ഹിക്‌മ ലോകത്തിന് തന്നെ മാതൃകയായിരുന്നു. അറബി ഭാഷയുടെ വികസനത്തിനായി വ്യാകരണം, ഭാഷാ ശാസ്ത്രം (ഇല്‍മുലുഗ), അലങ്കാരശാസ്ത്രം (ബലാഗ) എന്നീ മേഖലകളെ വികസിപ്പിച്ചത് ഈ കാലഘട്ടത്തിലാണ്.
ഗദ്യസാഹിത്യരചനക്ക് തുടക്കം കുറിച്ച ജാഹിളും ഈ ശാഖയെ സമ്പന്നമാക്കിയ ബദീഉസമാനില്‍ ഹമദാനി, സഅ്ലബി, ഹരീരി എന്നിവരും അബ്ബാസിയാ കാലഘട്ടത്തിലെ പ്രമുഖരാണ്. അറബി ഗദ്യത്തില്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ച വ്യക്തിത്വമാണ് ജാഹിള്‍. കിതാബുല്‍ ഹയവാന്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ഗ്രന്ഥമാണ്. ഇന്ന് ജന ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ട നേടിയ ആയിരത്തൊന്നു രാവുകള്‍ എന്ന ഗദ്യരചനയും അബ്ബാസി യുഗത്തില്‍ വിരചിതമായ ഒരു ക്ലാസിക്കല്‍ ഗ്രന്ഥമാണ്. അതേപോലെ അബ്ദുല്ലാഹില്‍ മുഖഫ്ഫ ഹിന്‍റെ കലീല വദിംനയും ഇബ്നു ഖുതൈബയുടെ ഉയൂനുല്‍ അഖ്ബാറും ഈ കാലഘട്ടത്തിലെ മറ്റ് പ്രശസ്ത രചനകളാണ്. മത്രമല്ല, അല്‍ ബിറൂനിയും ഹംസത്തുല്‍ ഇസ്ഫഹാനിയും ഇക്കാലത്തെ സാഹിത്യ സാമ്രാട്ടുകളായിരുന്നു. പദ്യസാഹിത്യത്തില്‍ വിശ്രുതരായ അനവധി കവികളും ഇക്കാലത്തുണ്ടായിരുന്നു. അബൂതമാം, അബൂ നവാസ്, റഖാശി, അബൂ ദൂലാമ, മുതനബ്ബി, ബൂസ്വീരി തുടങ്ങിയവരാണ് അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവികളായി ചരിത്രം രേഖപ്പെടുത്തുന്നത്.
ആധുനിക കാലഘട്ടം
അറബി ഭാഷയെ പുഷ്കലമാക്കുന്നതിൽ ആധുനിക അറബി സാഹിത്യ കാരന്മാരുടെ രചനകളും, ചിന്തകളും ലോകത്തിന് തന്നെ മാതൃകയാണ്. താഹ ഹുസ്സൈൻ, അഹ്മെദ് ശൗഖി, ഹാഫിസ് ഇബ്രാഹിം, ഖലീൽ ജിബ്രാൻ, മുസ്തഫ ലൂഥ്ഫി അൽമാൻഫ്ലൂത്തി തുടങ്ങിയവർ വേറിട്ടതും, സമൂഹത്തിന്റെ സ്പന്ദങ്ങളെ തൊട്ടുണർത്തുന്നതുമായ നിരവധി ഗ്രന്ധങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. 1988ൽ ആദ്യമായി അറബി സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ഈജിപ്ഷ്യൻ സാഹിത്യകാരനായ നജീബ് മഹ്ഫൂസ് കരസ്ഥമാക്കി.
ഭാഷയുടെ പ്രത്യേകതകൾ
28 അക്ഷരങ്ങൾ ആണ് അറബി ഭാഷയിൽ ഉള്ളത്. വലത് നിന്ന് ഇടത് ഭാഗത്തേക്കാണ് അറബി ലിപികൾ എഴുതുന്നത്. പദ സമ്പത്തുകളാൽ ധന്യമാണ് അറബി ഭാഷ. വലിയ ആശയങ്ങളെ ചെറിയ പദങ്ങങ്ങളിലൂടെ പറയാൻ സാധിക്കുന്നു. തെലുങ്ക്, തമിഴ്, കന്നട, ഉര്‍ദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളില്‍ അറബി ഭാഷയുടെ സ്വാധീനം കാണാം. ലാ, റദ്ദ്, ഖലാസ്, ബദല്‍, വകീല്‍, മുന്‍സിഫ്, അദാലത്, മുഖ്തിയാര്‍, കീസ്, ദല്ലാള്‍, അസ്സല്‍, സാബൂന്‍, ബാക്കി തുടങ്ങിയവ മലയാളികളുടെ നിത്യോപയോഗ പദങ്ങളാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അറബി ഭാഷയുമായി പൊക്കിള്‍കൊടി ബന്ധമുളളവരാണ് കേരളീയര്‍. ഇസ്‍ലാമിക പ്രബോധനർത്ഥം കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറും (റ) സംഘവും പല ഭാഗങ്ങളിലായി പളളികള്‍ നിര്‍മിച്ച് ജനങ്ങളുമായി ഇടപഴകാന്‍ തുടങ്ങിയതോടെ വാണിജ്യമേഖലയില്‍ ഒതുങ്ങി നിന്ന അറബി ഭാഷ സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇസ്‌ലാമിന്റെ വ്യാപനത്തോടെ അറബി ഭാഷ കേരളത്തില്‍ പ്രചുരപ്രചാരം നേടി. കച്ചവടാവശ്യാർത്ഥം കടൽ കടന്ന് കേരളത്തിലേക്ക് വന്ന അറബികളുമായുള്ള വ്യാപാര ബന്ധം ഭാഷയെയും, സംസ്കാരത്തെയും ഊട്ടി ഉറപ്പിക്കുന്നതായിരുന്നു.
കേരളത്തിലെ വിഭവ സമൃദ്ധിയും ഹരിതാപവും പ്രകൃതി രമണീയതയും കണ്ട് ആശ്ചര്യപ്പെട്ട് പറഞ്ഞ “ഖൈറല്ലാഹ്” എന്നത് കാലാന്തരത്തില്‍ ലോപിച്ചാണ് കേരളം എന്നു പേര് വന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അറബി ഭാഷയുടെ പ്രചാരണത്തിന് കോഴിക്കോട്ടെ ഖാളിമാരുടെയും പൊന്നാനി മഖ്ദൂമുമാരുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്‌ഫതുൽ മുജാഹിദീൻ (യോദ്ധാക്കൾക്കുള്ള സമ്മാനം) എടുത്തു പറയേണ്ട കൃതികളിൽ ഒന്നാണ്. തിരുവിതാംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളാണ് കേരളത്തിൽ ആദ്യമായി സ്കൂൾ പാഠ്യപദ്ധതിയിൽ അറബി ഉൾപ്പെടുത്തിയത്. 1909-ൽ മർഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (റ) വാഴക്കാട്ട് തുടങ്ങിയ സ്ഥാപനമാണ് കേരളത്തിലെ ആദ്യ അറബി ഭാഷാ കോളേജ്.
അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാളത്തിലെ സാഹിത്യ ഗ്രന്ഥങ്ങൾ
മലയാള സാഹിത്യ കൃതികളിൽ നിന്ന് ഒട്ടേറെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തകഴിയുടെ ചെമ്മീന്‍, ബഷീറിന്റെ യാ ഇലാഹീ, കമലാ സുറയ്യയുടെ യാ അല്ലാഹ്, കുമാരനാശാന്റെ വീണപൂവ്, ബെന്യാമീന്റെ ആടുജീവിതം, പെരുമ്പടവം ശ്രീധരന്റെ “ഒരു സങ്കീര്‍ത്തനം പോലെ”, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി, മതിലുകൾ, ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി, എം ടി യുടെ നാലു കെട്ട് തുടങ്ങിയവ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലും, യൂണിവേഴ്സിറ്റികളിലും പ്രധാനമായ പഠന ഭാഷയാണ്. മതത്തിന്റെയും, വർഗത്തിന്റെയും, ജാതിയുടെയും ചിന്തകൾക്കപ്പുറം സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും സൗകുമാര്യത്തിന്റെയും ഭാഷ കൂടിയാണ് അറബി.
മധ്യപൗരസ്ത്യ നാടുകളിലുണ്ടായ വികാസവും വൈഞ്ജാനിക വിപ്ലവവും പുതിയതൊഴില്‍ സാധ്യതകള്‍ അറബിഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗള്‍ഫുനാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോളിയം കമ്പനികള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വിവരസാങ്കേതിക കേന്ദ്രങ്ങള്‍, ടൂറിസം, കായിക വിനോദ രംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അറബി ഭാഷയുടെ പ്രചാരം അനുദിനം വര്‍ധിച്ചുവരികയാണ്.
തൊഴില്‍ രംഗത്തെ ഈ അനന്തസാധ്യതകള്‍ ഉള്‍കൊണ്ട് പാശ്ചാത്യ നാടുകളിലെ സര്‍വകലാശാലകളില്‍ അറബി കോഴ്‌സുകള്‍ പഠിപ്പിച്ചുവരികയാണ്. ഈയൊരവസരത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അറബിക് സര്‍വകലാശാലയുടെ പ്രസക്തി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വൈജ്ഞാനിക, സാഹിത്യ, വാണിജ്യ വിനിമയങ്ങള്‍ക്ക് സഹായകരമാകുന്ന അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാകണമെന്നതാണ് ഭാഷാ സ്‌നേഹികളുടെ ആഗ്രഹം.
അറബി ഭാഷ സംസാരിക്കുന്ന ലോകത്തിലെ രാജ്യങ്ങൾ.
മിഡിൽ ഈസ്റ്റിൽ (മധ്യ പൂർവ്വ ദേശത്തെ) പ്രഥമവും ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയം നടത്തുന്നതുമായ ഭാഷയാണ് അറബി.
ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബിയ, സിറിയ, യുഎഇ, യമൻ.
ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ.
അൾജീരിയ, കോമറോസ്, ജിബൂട്ടി, ഈജിപ്‌ത്, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, സോമാലിയ, സുഡാൻ, ടുണീഷ്യ, ചാഡ്, എറിത്രിയ, സൊമാലിലാന്റ്.
