മുഹമ്മദ് മുഹസിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഫ്രീ എൻട്രൻസ് അറ്റ് 'ശ്രദ്ധ' ക്ലാസുകൾക്ക് തുടക്കമായി. പട്ടാമ്പി സംസ്കൃത കോളേജ് ഹാളിൽ നടന്ന പരിപാടി മുഹമ്മദ് മുഹസ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു (സയൻസ്) കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന പദ്ധതി സംഘടിപ്പിക്കുന്നത്. 400 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സൗജന്യമായി നടത്തപ്പെടുന്ന ശ്രദ്ധ മെഡിക്കൽ, എൻജിനീയറിങ് ഫൗണ്ടേഷൻ കോഴ്സിൻ്റെ ക്ലാസ്സുകൾ ഞായറാഴ്ച്ചകളിലായിരിക്കും. ഹയർ സെക്കൻഡറി പഠനത്തിനു ശേഷം ഇന്ത്യയിലെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുക,
എൻട്രൻസ് ലെവൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും അറിയേണ്ട അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് എൻട്രൻസ് ഫൗണ്ടേഷൻ ക്ലാസ്സുകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് എം.എൽ എ. പറഞ്ഞു.
പരിപാടിയിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാബിറ ടീച്ചർ, പട്ടാമ്പി നഗരസഭ കൗൺസിലർ രാജൻ, വിളയൂർ ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കരുവാങ്കുഴി,ശ്രദ്ധ കൺവീനർ ഡോ.ആഷിഫ് കെ പി, കരിയർ ഡെവലപ്പ്മെന്റ് ട്രെയിനർമാർ തുടങ്ങിയവർ പങ്കെടുത്തു.