കപ്പൂർ നരിമടയിലെ വാടകവീട്ടിലെ ലഹരി വില്പന: മുഖ്യപ്രതിയും പിടിയിൽ

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നരിമടയിൽ വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ മുഖ്യപ്രതി ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായി. വടക്കേക്കാട് സ്വദേശി ജാസിറാണ് വയനാട് വെച്ച് ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായത്.

ആഗസ്റ്റ് മാസം പതിനാറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നരിമട എന്ന സ്ഥലത്തെ ഒരു വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്നു വ്യാപാരം നടത്തുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ 70 ഗ്രാം MDMA യും 3750 പാക്കറ്റ് ഹാൻസും കണ്ടെടുക്കുകയും രണ്ടു പ്രതികളെ അന്ന് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ മുഖ്യപ്രതി ജാസിറാണ് എന്ന് പോലീസിന് മനസ്സിലായത്. ഇതോടെ ഈ കേസിൽ നാല് പേർ പിടിയിലായി.

വീട് വാടകയ്ക്ക് എടുത്തതും MDMA വീട്ടിലെത്തിച്ചിരുന്നതും ജാസിറായിരുന്നു. വീട്ടിൽ വെച്ച് MDMA ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകി വിൽപന നടത്തുകയായിരുന്നു ഇവരുടെ പണി. കൂട്ടാളികൾ പിടിയിലായതായി അറിഞ്ഞ ജാസിർ അന്നുമുതൽ ഒളിവിലായിരുന്നു. കോയമ്പത്തൂർ, ആനക്കട്ടി ഭാഗങ്ങളിൽ ജാസിർ ഉണ്ടെന്ന വിവരം ലഭിച്ച പ്രകാരം അന്വേഷിച്ചു ചെന്നപ്പോൾ പോലീസിനെ കണ്ട പ്രതി ഓടിച്ചിരുന്ന എർട്ടിഗ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. എസ്.ഐ ശ്രീലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് വയനാട് എത്തി. സുൽത്താൻ ബത്തേരി പോലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടി. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേരത്തെ കുന്ദംകുളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ പ്രതിയുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി അനിയൻ റസലിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് അതിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. പ്രസ്തുത അക്കൌണ്ടിലൂടെ ചുരുങ്ങിയ കാലയളവിൽ കാൽ കോടി രൂപയോളം ഇടപാട് നടന്നതായി കണ്ടെത്തിയ പോലീസ് ടി അക്കൌണ്ട് മരവിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും അക്കൌണ്ട് ഉടമയായ റസലിനെ അറസ്റ്റു ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. 

ചാലിശ്ശേരി SHO എം.മഹേന്ദ്ര സിഹൻ്റെ നേതൃത്വത്തിൽ, ചാലിശ്ശേരി എസ്.ഐ ശ്രീലാൽ, ASI റഷീദ്, സ്ക്വാഡ് അംഗങ്ങളായ SCPO മാരായ നൗഷാദ്‌ഖാൻ, സജിത്ത്, സൻജിത്ത്, കമൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം