സംസ്ഥാനത്ത് ഇന്ന് അതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കേരളാ-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഏഴാം തീയതിവരെ കനത്ത മഴ തുടരും. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമായി . അതിരപ്പിള്ളിയിൽ കനത്ത മഴയെത്തുടർന്ന് ഇന്ന് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ശക്തമായ മഴയിൽ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ തോടിൽ നിന്നും റോഡിലേക്ക് വെള്ളം കയറി.