പോളിങ് ബൂത്ത് ​ഡ്രസിങ് റൂമൊന്നുമല്ല, വനിതകൾ വരുന്നിടത്ത് സി.സി.ടി.വി വെക്കുംമുമ്പ് നിങ്ങൾ അവരോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമീഷനോട് നടൻ പ്രകാശ് രാജ്

ചെന്നൈ: വോട്ടർ പട്ടികളിലെ വൻ ക്ര​മക്കേടുകൾ ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധിക്ക് മറുപടി നൽകാനായി വാർത്താസമ്മേളനം വിളിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ട്രോളുകൾക്ക് നടുവിലാണ്. രാഹുൽ ഉയർത്തിയ വോട്ട് ചോരി ആരോപണങ്ങൾക്ക് വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കൃത്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

താൽപര്യമില്ലാത്ത ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ അദ്ദേഹം ‘നെക്സ്റ്റ്’ എന്നാവർത്തിച്ചു കൊണ്ടിരുന്നു. നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഓരോ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കു​ന്ന​തി​നു പ​ക​രം അ​ഞ്ചു വീ​തം ചോ​ദ്യ​ങ്ങ​ൾ കേ​ട്ട് ഒ​രു​മി​ച്ച് ഉ​ത്ത​രം ന​ൽ​കു​ന്ന തന്ത്രമായിരുന്നു കമീഷന്റേത്. താൽപര്യമുള്ള ചോ​ദ്യ​ങ്ങളോടു മാത്രം താൽപര്യപൂർവം മ​റു​പ​ടി. പ്ര​ധാ​ന​ ചോദ്യങ്ങളെ ബോധപൂർവം അ​വ​ഗ​ണി​ച്ചു. ഇതോടെ കൂടുതൽ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമായിരിക്കുകയാണ് കമീഷൻ. ഇതിന്റെ ദൃശ്യങ്ങൾ ഉൾ​പ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണിപ്പോൾ ആളുകൾ കമീഷനെ പരിഹസിക്കുന്നത്.

വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘പൂജ്യം’ എന്നെഴുതിയത് ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾക്ക് വീടില്ലാത്തതുകൊണ്ടാണെന്ന ഗ്യാനേഷ് കുമാറിന്റെ മറുപടിക്ക് നിരവധി ട്രോളുകളാണ് വന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേട് മാധ്യമങ്ങൾക്കുമുമ്പാകെ രാഹുൽ ഗാന്ധി അക്കമിട്ട് നിരത്തിയതിനെ വസ്തുതാപരമായി എതിരിടാതെ വളഞ്ഞ രീതിയാണ് കമീഷൻ സ്വീകരിച്ചത്. വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തി എന്നായിരുന്നു മറുപടി.

ഇത്തരത്തിലുള്ള കമീഷന്റെ തട്ടിപ്പുനിലപാടുകളെ വിമർശിച്ച് പലരും രംഗത്തുവരികയാണ്. നടൻ പ്രകാശ് രാജ് കമീഷന്റെ അപഹാസ്യമായ ന്യായങ്ങളെ തുറന്നുകാട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. ‘ പോളിങ് ബൂത്തിൽ ആ സി.സി.ടി.വികൾ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങൾ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ തൊടുന്യായങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. ഞങ്ങൾക്ക് സുതാര്യതയാണ് വേണ്ടത്’ -‘എക്സി’ൽ പ്രകാശ് രാജ് എഴുതി. ഗ്യാനേഷ് കുമാറിന്റെ വാർത്താസമ്മേളന വിഡിയോ പങ്കുവെച്ചാണ് നടൻ അതിനെതിരെ കുറിക്കുകൊള്ളുന്ന ചോദ്യമുന്നയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം