കൂറ്റനാട്: തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ–20 പുരുഷ വിഭാഗം പോൾവാൾട്ടിൽ രണ്ടാംസ്ഥാനം നേടി ചാലിശേരി ജിഎച്ച്എസ്എസിലെ കെ യു യദുകൃഷ്ണ. 2023ൽ കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് മുളത്തണ്ട് ഉപയോഗിച്ചാണ് മത്സരിച്ച് 2.80 മീറ്റർ ചാടി ആദ്യ ഏഴിൽ ഇടംനേടി.
സ്വന്തമായി പോൾവാൾട്ട് സംവിധാനമൊന്നുമില്ലാത്ത സ്കൂളിൽ, കോവിഡ് കാലത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിച്ച കിടക്കകൾ മൈതാനത്ത് അടക്കിവച്ച് മുളത്തണ്ടിൽ പരിശീലനം ആരംഭിച്ചാണ് യദു ഉയരങ്ങളിൽ എത്താൻ സ്വപ്നം കണ്ടത്. കായികാധ്യാപിക ഷക്കീല മുഹമ്മദ്, പരിശീലകൻ ഉണ്ണികൃഷ്ണൻ, ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
സെപ്തംബർ 9, 11 ദിവസങ്ങളിൽ പുതുച്ചേരിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിലേക്കുള്ള ഒരുക്കത്തിലാണ് അധ്യാപകരും സ്കൂളും. പാലക്കാട് വിമുക്തി മിഷന്റെ ഉണർവ് പദ്ധതിയിൽ സ്കൂൾ രണ്ടരലക്ഷം രൂപയുടെ കായികോപകരണ പ്രോജക്ട് സമർപ്പിച്ചിരിക്കുകയാണ്. ദേശീയതലത്തിൽ മികച്ച പരിശീലനത്തിന് 150 എൽബി, 4.30 മീറ്റർ നീളമുള്ള കാർബൺ പോളും നിലവാരമുള്ള പോൾവാൾട്ട് ബെഡും അടിയന്തരമായി ആവശ്യമാണ്. കായികപ്രേമികളും സ്വകാര്യ സ്ഥാപനങ്ങളും കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ്.