കപ്പൂർ പഞ്ചായത്തിൽ നരിമട എന്ന സ്ഥലത്ത് വാടക വീട് എടുത്ത് കേന്ദ്രീകരിച്ചായിരുന്നു എംഡിഎംഎ ഉപയോഗവും വിൽപ്പനയും. പരുതൂർ മുക്കിലപ്പീടിക സ്വദേശി ശറഫുദ്ധീൻ, ചാലിശ്ശേരി സ്വദേശി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ വടക്കേക്കാട് സ്വദേശി ജാസിർ ആണ് ഈ വീട് വാടകക്ക് എടുത്തിരുന്നത്.
എംഡിഎംഎ വിൽപ്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എംഡിഎംഎ സൂക്ഷിക്കാനുള്ള പാക്കറ്റ്, ഉപയോഗിക്കാനുള്ള ഗ്ലാസ് പമ്പ് സെറ്റ്, വിൽപ്പന നടത്തി ലഭിച്ച പതിനാലായിരത്തോളം രൂപ എന്നിവയും പോലീസ് കണ്ടെടുത്തു.
വീട് വാടകക്ക് എടുത്ത ജാസിർ പോലീസ് എത്തിയ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. നിരോധിത പുകയില വസ്തുവായ ഹാന്‍സ് 3750 പാക്കറ്റും ഇവരിൽ നിന്ന് പിടികൂടി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി മരുന്ന് വിൽപ്പന. പ്രതികളെ പട്ടാമ്പി മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള പാലക്കാട് കോടതിയിൽ ഹാജരാക്കും.