സിപ് ലൈനിൽ തൂങ്ങി പോകുന്ന ഫോട്ടോ പങ്കുവെച്ച് സി വി ബാലചന്ദ്രന് പരോക്ഷ മറുപടിയുമായി വി.ടി ബൽറാം

കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രന്റെ വിമർശനത്തിന് പിന്നാലെ സിപ് ലൈനിൽ തൂങ്ങി പോകുന്ന ഫോട്ടോ പങ്കുവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാം എന്നായിരുന്നു സി.വി ബാലചന്ദ്രന്റെ വിമർശനം. 'സ്‌നേഹം' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം കപ്പൂരിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു. ബൽറാമിനെ തോൽപ്പിച്ചത് സി.വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

ബാലചന്ദ്രന്റെ വിമർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല കോൺഗ്രസ് പ്രവർത്തകരും ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ബൽറാം തന്നെ പരോക്ഷ മറുപടിയുമായി രംഗത്ത് വന്നതോടെ പാലക്കാട് കോൺഗ്രസിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബൽറാം തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥിയാവുമെന്നാണ് സൂചന. ഇതിനിടെയാണ് സി.വി ബാലചന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം