അൻപോടെ തൃത്താല മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 


ആരോഗ്യ മേഖലയിലെ മുഴുവൻ സേവനവും ഒരു കുടക്കീഴിൽ ജനങ്ങൾക്ക് ലഭ്യമാക്കി അൻപോടെ തൃത്താല പരുതൂർ ചാപ്റ്റർ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടന്നു. മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. 

കേരളത്തിലെ വിവിധ മേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം കൊണ്ട് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായി മാറിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂറ്റനാട് നടത്തിയ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനാകാത്തവരുടെ ആവശ്യം പരിഗണിച്ചാണ് പരുതൂരിൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

തൃത്താല മേഖലയുടെ പൊതു വികസനത്തിന് പുറമേയാണ് മണ്ഡലത്തിൽ മൂന്ന് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സുസ്ഥിര തൃത്താലയ്ക്ക് സാർവ്വദേശീയ തലത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റാനായത് പദ്ധതിയുടെ വിജയമാണ്. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന എൻലൈറ്റ് തൃത്താല മുഖേന 30 ലക്ഷം സ്കോളർഷിപ്പ് നൽകാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരുതൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് അൻപോടെ തൃത്താല - പരുതൂർ ചാപ്റ്റർ എന്ന പേരിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഡോ. കെ സൂര്യനാരായണൻ അധ്യക്ഷനായി. ഹൃദ്രോഗ വിദഗ്ദൻ ഡോ.ജോ ജോസഫ് മുഖ്യാതിഥിയായി. അൻപോടെ തൃത്താല പ്രസിഡൻ്റ് ഇ സുഷമ ആമുഖ പ്രഭാഷണം നടത്തി. ലഹരിയും - മാനസികാരോഗ്യവുമെന്ന വിഷയത്തിൽ മനോരോഗ വിദഗ്ധ ഡോ. ദയ പാസ്ക്കൽ ക്ലാസെടുത്തു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈമ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ പി ശ്രീനിവാസൻ, മെഡിക്കൽ ഓഫീസർ പി സിദ്ദിക്ക്, അൻപോടെ തൃത്താല പി എ സുനിൽ ഖാദർ, സംഘാടക സമിതി കൺവീനർ പി സുധീർ, ജോ.കൺവീനർ വി പി ഹരിനാരായണൻ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

തൃത്താല മണ്ഡലത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായാണ് രണ്ടാം ഘട്ട മെഗാ മൾട്ടി സെപഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. 

ഏഴായിരത്തോളം പേർ പള്ളിപ്പുറം ബാങ്ക് ഹാളിലും, പരുതൂർ ലൈബ്രറിയിലുമായി നടന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളിലായി 125 ഡോക്ടർമാരുടെയും 200 സപ്പോർട്ടിങ്ങ് സ്റ്റാഫുകളുടെയും സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.സൗജന്യമായി മരുന്നുകൾ ലഭ്യമാക്കാനും, ലാബ് പരിശോധനകൾ തത്സമയം നടത്താനും സൗകര്യമൊരുക്കിയത് ജനങ്ങൾക്ക് ഏറേ പ്രയോജനകരമായി.

എറണാകുളം ലിസി ആശുപത്രി,അങ്കമാലി ലിറ്റിൽ ഫ്ലവർ, തൃശൂർ ദയ, മലങ്കര , ഇ എം എസ്, പെരിന്തൽമണ്ണ, മൗലാന ആശുപത്രി, അൽഷിഫ ആശുപത്രി, വള്ളുവനാട് ആശുപത്രി, എം ഇ സ് മെഡിക്കൽ കോളേജ്, തൃശൂർ ഗവ:മെഡിക്കൽ കോളേജ്, പി എസ് എം ദന്തൽ കോളേജ് അക്കിക്കാവ്, റോയൽ ദന്തൽകോളേജ് ചാലിശ്ശേരി, മലബാർ ദന്തൽകോളേജ്, മലബാർ കാൻസർസെൻ്റർ,പാലക്കാട് ജില്ലാ ആശുപത്രി, നയനപഥം ,തുടങ്ങി കേരളത്തിലെ മികച്ച ആശുപത്രികളുടെ സേവനമാണ് ക്യാമ്പിൽ ഒരുക്കിയത്. 

ദന്തൽ - കണ്ണ് ചികിത്സയും മൊബൈൽ ക്ലിനിക്കും, ക്യാൻസർ നിർണ്ണയ പരിശോധനയും ക്യാമ്പിലെ പ്രത്യേകതയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമുള്ളവർക്ക് സൗജന്യ പുനഃപരിശോധന സൗകര്യവും ഒരുക്കി. മരുന്നുകൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമായിരുന്നു. ക്യാമ്പിലെത്തിയ മുഴുവൻ പേർക്കും കഞ്ഞിയും പുഴുക്കും, ചായയും ലഘുഭക്ഷണവും നൽകി. 350 ഓളം വരുന്ന വളണ്ടിയർമാരുടെ സേവനവും മെഡിൽ ക്യാമ്പിനെ വ്യത്യസ്തമാക്കി. അക്ഷരാർത്ഥത്തിൽ പരുതൂരിലെ ജനകീയ മെഡിക്കൽ ക്യാമ്പായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മാറി.

പരുതൂർ ലൈബ്രറി ആൻ്റ് റീക്രിയേഷൻ സെൻ്റർ, എം. വിജയകുമാർ ആൻ്റ് പി. വാസുദേവൻ മെമ്മോറിയൽ പാലിയേറ്റീവ് സൊസൈറ്റി, പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം