കുന്നംകുളം: നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല കപ്പൂർ പറക്കുളം സ്വദേശി ആന്തൂര് വളപ്പിൽ വീട്ടിൽ 32 വയസ്സുള്ള നസറുദ്ദീനെ ആണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചു കാറ് ഈ സമയം ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ തടയുകയായിരുന്നു.
സംഭവത്തിൽ പ്രകോപിതനായ കാർ ഡ്രൈവർ തൃത്താല സ്വദേശീ നസറുദ്ദീൻ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. അസഭ്യം വിളിച്ച പ്രതി പോലീസുകാരനെ അടിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്തു. സംഭവത്തിൽ മർദ്ദനത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.