തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബവിന്റെ വീടിന്റെ പരിസരത്തു നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് അനീഷയുടെയും ബവിന്റെയും വീടുകളിലും പരിസരത്തും പരിശോധന നടത്തിയത്. ഇരുവരുടെയും പ്രാഥമിക ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.

ബവിന്റെയും അനീഷയുടെയും മൊഴിയിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കുഞ്ഞിൻ്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് മൊഴി. ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയാണ് പൊലീസിന് പ്രയാസം. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ യുവതി ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും യുവതിക്ക് സഹായമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം