പരിസ്ഥിതി സൗഹൃദ വികസനത്തിന് ജനകീയ പങ്കാളിത്തം അനിവാര്യം : മന്ത്രി എം ബി രാജേഷ്

തൃത്താല: ഭൂമിയുടെ സുരക്ഷയും മനുഷ്യ പുരോഗതിയും പരസ്പര ബന്ധിതമാണെന്നും മണ്ണിനെ അറിഞ്ഞുള്ള ജീവിത പരിസരം രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ സമൂഹം ഒന്നിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി എം ബി രാജേഷ് പ്രസ്താവിച്ചു. 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന പ്രമേയത്തില്‍ ജൂണ്‍ 01 മുതല്‍ 10 വരെ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ജില്ലാ ഉദ്ഘാടനം തൃത്താല കപ്പൂര്‍ ബാഹിസ് അക്കാദമിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സന്തുലിത വികസന കാഴ്ചപ്പാടുകൾ പിന്തുടർന്ന് മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഭരണകർത്താക്കൾക്ക് സാധിക്കുകയുള്ളു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ കൂട്ടായ്മകൾ കൂടി മുന്നിട്ടിറങ്ങുകയും വരും തലമുറയ്ക്കു നമ്മുടെ ഭൂമിയെ ഏറ്റവും തെളിമയോടെ കൈമാറുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റശീദ് അഷ്‌റഫി ഒറ്റപ്പാലം അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട്, ജില്ലാ സാമൂഹികം പ്രസിഡൻ്റ് ശരീഫ് സഖാഫി മമ്പാട്, സെക്രട്ടറി റിനീഷ് ഒറ്റപ്പാലം, ജില്ലാ ഭാരവാഹികളായ യൂസുഫ് സഖാഫി വിളയൂര്‍, അബ്ദുല്‍ജലീല്‍ അഹ്‌സനി ആലൂര്‍, മാരായംകുന്ന് മഹല്ല് ഖത്വീബ് ഉമര്‍ ഫൈസി കാവനൂര്‍, സി.വി. അബൂബക്കര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശറഫുദ്ദീന്‍ ബുഖാരി, എസ് വൈ എസ് തൃത്താല സോൺ ജനറൽ സെക്രട്ടറി സി പി റിയാസ്, സാമൂഹികം സെക്രട്ടറി ഹാഷിം സഖാഫി, ഹാഫിസ് അസ്ഹരി എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതിബോധവത്കരണം, ശുചീകരണം, സന്ദേശപ്രഭാഷണങ്ങള്‍, അടുക്കളത്തോട്ടം, സംഘകൃഷി, മരംനടല്‍ തുടങ്ങിയവ സംഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം