ബിരിയാണി ചലഞ്ച് തട്ടിപ്പ്; കറുകപുത്തൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു


കൂറ്റനാട്: രോഗികളുടെ ചികിത്സയ്ക്കായി ധനസമാഹാരണത്തിന് ബിരിയാണി ചലഞ്ച് നടത്തുന്നു എന്ന പേരിൽ തട്ടിപ്പ് നടത്തിയ ആൾ ഷൊർണൂരിൽ അറസ്റ്റിൽ. തിരുമിറ്റക്കോട് കറുകപുത്തൂർ ചാഴിയാട്ടി വെളുത്തവളപ്പിൽ ഷെഹീർ കരീമാണ് അറസ്റ്റിലായത്. ഷൊർണൂർ റോയൽ ബേക്കറിയിൽ നിന്നും 350 ബിരിയാണി വാങ്ങി തുക നൽകാതെ വിൽപ്പന നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. 

44000 രൂപ റോയൽ ബേക്കറി ഉടമ അബ്ദുൽ ജബ്ബാറിന് നൽകാനുണ്ടെന്നാണ് പരാതി. ആശുപത്രിയിലുള്ള രോഗികളുടെ പേരുവിവരങ്ങളും ശേഖരിച്ച് അവരുടെ പേരിൽ ബിരിയാണി ചലഞ്ച് നടത്തും. ബിരിയാണി ഹോട്ടലുകളിൽ നിന്ന് വാങ്ങി പണം നൽകാതെ പോകുകയാണ് ഷഹീർ കരീമിന്റെ രീതി.

ചാലിശ്ശേരിയിലും സമ്മാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. പോലീസിൽ പരാതി എത്തിയപ്പോൾ ബന്ധുക്കൾ എത്തി പണം നൽകാമെന്ന് രേഖാമൂലം നൽകിയപ്പോൾ പരാതി പിൻവലിക്കുകയായിരുന്നു.

അബ്ദുൽ ജബ്ബാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുമ്പോൾ മറ്റു തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ ഷഹീർ കരീമിനെ പോലീസ് വിളിച്ചുവെങ്കിലും എത്തിയില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്തു നിന്നും കണ്ടെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാല് രോഗികളുടെ വിവരങ്ങൾ എടുത്ത് അടുത്ത തടിപ്പിന് ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷഹീർ കരീമിനെ റിമാൻഡ് ചെയ്തു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം