മികവോടെ എന്‍ലൈറ്റ് തൃത്താല ശ്രദ്ധേമായി പ്രതിഭാ സംഗമവും വിജയോത്സവവും

 

തൃത്താല മണ്ഡലത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന എന്‍ലൈറ്റ് പദ്ധതിയുടെ ഭാഗമായി പ്രതിഭാ സംഗമവും വിജയോത്സവവും നടത്തി. ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭാസ മേഖലയില്‍ നടത്തുന്ന മുതല്‍ മുടക്കാണ് നാളത്തെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്.അതുകൊണ്ടാണ് വിദ്യാഭാസ മേഖലയ്ക്ക് മണ്ഡലത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി തൃത്താലയില്‍ നിശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയെ ഇന്ന് കേരളം ഏറ്റെടുത്തു എന്നത് സന്തോഷകരമായ കാര്യമാണ്. തൃത്താലയിലെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ കഴിഞ്ഞത് സുസ്ഥിര തൃത്താലയുടെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായി.തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ, ജെന്‍ റോബോട്ടിക്സ് സി.ഇ.ഒ എം കെ വിമല്‍ ഗോവിന്ദ്,റാഷിദ് കരിമ്പനയ്ക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജേഷ് കുട്ടന്‍, ഷറഫുദ്ദീന്‍ കളത്തില്‍, കെ മുഹമ്മദ്, പി.കെ ജയ,വി.വി ബാലചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, എന്‍ലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ-പ്ലസ് ഗ്രേഡ് നേടിയ 600 കുട്ടികളെ മന്ത്രി ആദരിച്ചു. 100 ശതമാനം വിജയം കൈവരിച്ച ഒമ്പത് വിദ്യാലയങ്ങളെയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ച രണ്ടാമത്തെ വിദ്യാലയമായ പരുതൂര്‍ സ്‌കൂളിനെയും മന്ത്രി അനുമോദിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഭയോടൊത്ത് പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ സിവില്‍ സര്‍വ്വീസ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. എം.കെ. വിമല്‍ ഗോവിന്ദ്, റാഷിദ് കരിമ്പനക്കല്‍ (ജെന്‍ റോബോട്ടിക്സ്) എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. പ്ലസ് ടു, പത്താം ക്ലാസ് വിഭാഗത്തില്‍ നിന്നായി 200 കുട്ടികള്‍ പ്രതിഭയോടൊത്ത് എന്ന സംവാദ പരിപാടിയില്‍ പങ്കാളികളായി.

തൃത്താല മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസര തുല്യതയുള്ള ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി എം ബി രാജേഷ് ആവിഷ്‌കരിച്ച പദ്ധതിയാണ് എന്‍ലൈറ്റ് തൃത്താല സമഗ്ര വിദ്യാഭാസ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്.എസ്.കെ ഉള്‍പ്പെടെയുള്ള പ്രൊജക്ടുകള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെയാണ് എന്‍ലൈറ്റ് പദ്ധതി നടപ്പാക്കുന്നത്.

മണ്ഡലത്തിലെ 125 കുട്ടികള്‍ക്കാണ് പ്രെഡിക്ട് ജനകീയ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ഒരു കുട്ടിക്ക് 24000 രൂപ രണ്ടുവര്‍ഷമായി നല്‍കുന്ന പദ്ധതി വഴി 30 ലക്ഷം രൂപ തൃത്താല മണ്ഡലത്തില്‍ കുട്ടികള്‍ക്കായി വിതരണം ചെയ്തു. ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന ഒരു കുട്ടിക്ക് 50000 രൂപ പ്രത്യേക ധനസഹായവും നല്‍കി വരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം