by: സി മൂസ പെരിങ്ങോട്
കൂറ്റനാട്: കൂറ്റനാട്, തിരുമിറ്റക്കോട്, ഞാങ്ങാട്ടിരി മേഖലകളിലെ റോഡിൽക്കൂടി ആളുകൾ യാത്രചെയ്യുന്നത് ഒരല്പം പേടിയോടെയാണ്. കാരണം, പലയിടത്തും മരങ്ങളും കൊമ്പുകളും അപകടകരമായ രീതിയിൽ വളർന്നുനിൽപ്പുണ്ട്. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ഈ മേഖലകളിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകുകയും കൊമ്പുകൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. പലേടത്തും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ഇതോടെ അപകടകരമായ മരക്കൊമ്പുകൾ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
പെരുമ്പിലാവ്-പട്ടാമ്പി സംസ്ഥാനപാതയിൽ ഞാങ്ങാട്ടിരി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തുള്ള തണൽമരം ഭീതി പരത്തുന്നതായി പ്രദേശവാസികൾക്കു പരാതിയുണ്ട്. ശക്തമായ മഴയും കാറ്റുമുണ്ടായാൽ ഏറെ ഉയരത്തിൽ നിൽക്കുന്ന ഈ മരവും കാറ്റിൽ വീഴാൻ സാധ്യതയേറെയാണ്. മരം മുറിക്കുന്നതിനു പകരം താത്കാലികമായി കൊമ്പുകൾ ഒഴിവാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
കറുകപുത്തൂർ-എഴുമങ്ങാട് പാതയിലും മരങ്ങൾ നീക്കണം. കറുകപുത്തൂർ-എഴുമങ്ങാട് പാതയിൽ പെരിങ്കന്നൂരിൽ വീട്ടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നു ആവശ്യമുണ്ട്. പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിവേദനങ്ങൾ നൽകിയിട്ട് രണ്ടുവർഷമായിട്ടും നടപടികളുണ്ടാവുന്നില്ലെന്ന് പെരിങ്കന്നൂർ സ്വദേശിയായ പൊയ്യത്ര യൂസഫ് പറയുന്നു. മരങ്ങൾ മുറിച്ചുമാറ്റണമെന്ന അപേക്ഷ പരിഗണിക്കാൻ വനംവകുപ്പുദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.